ദേശീയ പാതയില്‍ കുഴികളെങ്കില്‍ സംസ്ഥാനപാതയില്‍ കുളങ്ങള്‍; റിയാസിന് സുരേന്ദ്രന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 01:06 PM  |  

Last Updated: 13th July 2022 01:06 PM  |   A+A-   |  

surendran

കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 

കാസര്‍കോട്: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരെ പരിഹസിച്ച പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് അതേനാണയത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രി മുഹമ്മദ് റിയാസിന്റെ സംസ്ഥാന പാതിയില്‍ കുളങ്ങളാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്ന ശേഷം ദേശീയപാത വികസനത്തില്‍ വന്‍ പുരോഗതിയാണെന്നും സുരേന്ദ്രന്‍ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ദേശീയപാത കുഴികളാണെങ്കില്‍ റിയാസിന്റെ സംസ്ഥാനപാത മുഴുവന്‍ കുളങ്ങളാണ്. ഒരു മന്ത്രി നിയമസഭയില്‍ പറയേണ്ടതല്ല ഇതൊന്നും. നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ കാര്യം അറിയണമെങ്കില്‍ പാലാരിവട്ടം പാലത്തിന്റെ അവസ്ഥയെടുത്താല്‍ പോരെ?. മന്ത്രി റിയാസിന്റെ നാടായ കൂളിമാടില്‍ ആറ് മാസം പ്രായമായ പാലം നിന്ന നില്‍പ്പിലല്ലേ വീണതെന്ന് സുരേന്ദ്രന്‍ ചോദിച്ചു

വര്‍ഷത്തില്‍ എട്ടുമാസത്തില്‍ മഴ പെയ്യുന്ന നാട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ പോലെ പണിനടത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ വൈദഗ്ദ്യത്തോടെയാണ് സംസ്ഥാനത്ത് ദേശീയപാത വികസനം മോദി സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇത്രയേറെ ദേശീയപാത വികസനം മുന്‍പ് ഉണ്ടായിട്ടില്ല. ഇനിയും പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ വരും. എങ്ങനെയാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. അതില്‍ എന്തെങ്കിലും അപാകതയുണ്ടോയെന്നറിയുന്നതിനായാണ്  അവര്‍ എത്തുന്നത്. അല്ലാതെ രണ്ടുവര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തുടര്‍ച്ചയായി ഗഡ്കരിയെ പുകഴ്ത്തിയിരുന്ന മുഖ്യമന്ത്രി പെട്ടന്ന് നിറംമാറിയതിന് പിന്നില്‍ വകുപ്പ് വിദേശകാര്യമായതിനാലാണ്. അത് എല്ലാവര്‍ക്കുമറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

ഫോട്ടോ എടുത്തു മടങ്ങുന്നവര്‍ ദേശീയപാതയിലെ കുഴി എണ്ണാനും സമയം കണ്ടെത്തണം; പരിഹാസവുമായി മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ