'കൊലപാതകവും ബലാത്സംഗവും നടക്കുമ്പോള്‍ കണ്ടുനില്‍ക്കലല്ല കടമ'; ഇ പി ജയരാജന് എതിരായ കേസ് നിലനില്‍ക്കില്ല: എ കെ ബാലന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ നിയമ മന്ത്രി എ കെ ബാലന്‍
എ കെ ബാലൻ /ഫയൽ ചിത്രം
എ കെ ബാലൻ /ഫയൽ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ നിയമ മന്ത്രി എ കെ ബാലന്‍. ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനുമെതിരായ കേസ് നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്ന് എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചെയ്തത്. 

ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കാണുമ്പോള്‍ അത് കണ്ട് നില്‍ക്കലല്ല ദൃക്‌സാക്ഷിയുടെ കടമ. ഇ പി ജയരാജന്‍ നടത്തിയ സന്ദര്‍ഭോചിതമായ നടപടി നിയമത്തിന് മുന്നില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇ പി ജയരാജന് എതിരെ വലിയതുറ പൊലീസ് കേസെടുത്തു. 
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, വി എം സുനീഷ് എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

വധശ്രമം, ഗൂഢാലോചന ഉള്‍പ്പെടൈ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

വിമാന പ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍കുമാറുമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊലീസിനു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തില്‍ ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com