കേരളത്തിലും ക്രോസ് വോട്ട്; ഒരു എംഎല്‍എയുടെ വോട്ട് ദ്രൗപതിക്ക് 

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്
ദ്രൗപതി മുര്‍മു/ പിടിഐ
ദ്രൗപതി മുര്‍മു/ പിടിഐ

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലും ക്രോസ് വോട്ടിംഗ് നടന്നു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്നും വോട്ടു ലഭിച്ചു. കേരളത്തിലെ 140 എംഎല്‍എമാരില്‍ ഒരാളാണ് ദ്രൗപതിക്ക് വോട്ടു ചെയ്തത്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമല്ല. 

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ബിജെപി-എന്‍ഡിഎ സഖ്യത്തിന് നിയമസഭയില്‍ ഒരു എംഎല്‍എ പോലുമില്ല. ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എ മുന്നണി നേതൃത്വങ്ങളുടെ തീരുമാനത്തിന് വിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്നാണ് വ്യക്തമാകുന്നത്. 

കേരളത്തില്‍ നിന്നും മുഴുവന്‍ വോട്ടുകളും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കേരളത്തില്‍ ഭരണത്തിലുള്ള ജനതാദള്‍ എസ് ദേശീയ നേതൃത്വം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്യുക എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ വലിയ ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതി മുർമു ജയിച്ചുകയറിയത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ട് ദ്രൗപതിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തെന്നാണ് റിപ്പോർട്ട്. ഈ എംപിമാർക്കു പുറമെ ദേശീയ തലത്തിൽ 104 പ്രതിപക്ഷ എംഎൽഎമാരും ദ്രൗപതി  മുർമുവിന് ക്രോസ് വോട്ട് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com