വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; എസ്‌ഐ മര്‍ദിച്ചതായി ബന്ധുക്കള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 06:29 AM  |  

Last Updated: 22nd July 2022 06:38 AM  |   A+A-   |  

police custody

പ്രതീകാത്മക ചിത്രം

 

വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവന്‍(40) ആണ് മരിച്ചത്. മര്‍ദനമേറ്റ സജീവന്‍ സ്‌റ്റേഷന് മുന്‍പില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. 

സജീവനെ എസ്‌ഐ മര്‍ദിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വാഹനാപകട കേസില്‍ വ്യാഴാഴ്ചയാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

വടകര ടൗണില്‍ വെച്ച് ഇവരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ മറ്റേ കാറില്‍ വന്നവര്‍ പൊലീസിനെ വിളിച്ചു. വടകര സ്റ്റേഷനില്‍ നിന്ന് കോണ്‍സ്റ്റബിളാണ് ഇവിടേക്ക് എത്തിയത്. 

സ്റ്റേഷനില്‍വെച്ച് തന്നെ നെഞ്ചുവേദനയെന്ന് സജീവന്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍

പിന്നാലെ ഇവരുടെ വാഹനം വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിലെത്തിയ സജീവനേയും സുഹൃത്തുക്കളേയും മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിച്ച് പൊലീസ് മര്‍ദിച്ചതായാണ് പറയുന്നത്. സജീവന്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് സജീവന്‍ അല്ല. 

സ്‌റ്റേഷനില്‍ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന എടുക്കുന്നതായി സജീവന്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനെ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനിറ്റ് മാത്രമാണ് ഇവര്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സുരേന്ദ്രന്‍ സികെ ജാനുവിന് പണം നല്‍കുന്നത് നേരില്‍ കണ്ടു; പത്തുലക്ഷം ടവ്വലില്‍ പൊതിഞ്ഞ നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ