വീണ്ടും കെഎസ്ഇബി 'ഷോക്ക്'- 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ഓൺലൈനായി മാത്രം
By സമകാലിക മലയാളം ഡെസ്ക് | Published: 23rd July 2022 07:16 PM |
Last Updated: 23rd July 2022 07:16 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: 500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ കൗണ്ടറുകളിൽ സ്വീകരിക്കില്ല. ബിൽ തുക 500ന് മുകളിലാണെങ്കിൽ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താക്കൾക്ക് വീണ്ടും ഷോക്ക് നൽകി തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുത്താൻ ഒരുങ്ങുകയാണ് കെഎസ്ഇബി. ഇതുസംബന്ധിക്കുന്ന ഉത്തരവും പുറത്തിറക്കി.
സമ്പൂര്‍ണ ഡിജിറ്റൽ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ വ്യക്തമാക്കി.
നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ ബിൽ പേയ്മെന്റ് സൗകര്യം വളരെ കുറച്ച് പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബിൽ അടയ്ക്കുന്നത്. ഓണ്‍ലൈന്‍ മാത്രമായി ബില്ലടയ്ക്കാനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കാനും സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ നിർബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ പണവുമായി എത്തുന്നവർക്ക് കുറച്ച് തവണ ഇളവ് നൽകാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് - മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പുതിയ ഉത്തരവിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് മാറ്റിയത്.
ഈ വാർത്ത കൂടി വായിക്കാം
'സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റരുത്'- ഇഡിയുടെ ആവശ്യത്തിനെതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ