അഞ്ചുദിവസമായി മകനെ കാണാനില്ല; തിരച്ചിലിനിടെ അപ്രതീക്ഷിതമായി കുട്ടിയും തട്ടിക്കൊണ്ടുപോയ ആളും വന്നുപെട്ടത് പിതാവിന്റെ മുന്നില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd July 2022 11:56 AM  |  

Last Updated: 23rd July 2022 11:56 AM  |   A+A-   |  

child

പ്രതീകാത്മക ചിത്രം


 

കോഴിക്കോട്: അഞ്ചുദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിയായ മകനെയും തട്ടിക്കൊണ്ടുപോയ ആളെയും അപ്രതീക്ഷിതമായി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിതാവ് കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു നാടകീയ സംഭവം. കുട്ടിക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് ചെങ്കള വീട്ടില്‍ അബ്ബാസിനെ (47) പൊലീസില്‍ ഏല്‍പ്പിച്ചു.

പുത്തനത്താണിയില്‍ നിന്ന് അഞ്ചു ദിവസം മുമ്പാണ് 15 കാരനെ കാണാതാകുന്നത്. പെരുന്നാള്‍ അവധി കഴിഞ്ഞ് 18നാണ് കുട്ടി താനൂരിലെ വീട്ടില്‍ നിന്നും ഓട്ടോയില്‍ സ്‌കൂളിലേക്കു പോയത്. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

കുട്ടിയെ കണ്ണൂര്‍ മുതല്‍ തിരൂര്‍ വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ തിരച്ചിലിന്റെ ഭാഗമായി പിതാവ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയില്‍വേ സ്‌റ്റേഷന്‍ കവാടത്തിനരികില്‍ നില്‍ക്കുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് ഒരാള്‍ തിരക്കിട്ടു പോകുന്നതു ശ്രദ്ധയില്‍പെട്ടു.

മകനാണെന്ന് തിരിച്ചറിഞ്ഞതോടെ കൊണ്ടുപോകുന്ന ആളെ തടഞ്ഞു നിര്‍ത്തി. കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അങ്ങോട്ടു പോകുകയാണെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. ഉടന്‍ തന്നെ പിതാവ് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെയും അബ്ബാസിനെയും കസ്റ്റഡിയിലെടുത്തു.

മുന്‍പരിചയമുള്ള കൂട്ടുകാരന്റെ വീട്ടില്‍ ഒരു ദിവസം തങ്ങിയ ശേഷം തിരിച്ചു കോഴിക്കോട്ടുനിന്നും ട്രെയിനില്‍ താനൂരിലേക്ക് വരുമ്പോഴാണ് കുട്ടിയെ അബ്ബാസ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അബ്ബാസിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്; അനുബന്ധ കുറ്റപത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ