'ശ്രീറാമിനെ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു'; കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th July 2022 11:11 AM  |  

Last Updated: 24th July 2022 11:11 AM  |   A+A-   |  

sriram_pinarayi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെ വിമര്‍ശിച്ച് ഇടതുമുന്നണി നേതാവ്. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ശ്രീറാമിന്റെ നിയമനത്തെ വിമർശിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിൻ്റെ കുടുംബത്തോട്  പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂർ പോസ്റ്റില്‍ പറയുന്നത്.

"അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകൾ മധുരതരമാകില്ല" (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാൻ പറ്റിയ കസേരകൾ കേരളത്തിൽ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിൻ്റെ കുടുംബത്തോട്  പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു". സലീം മടവൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, തിരികെ സര്‍വീസില്‍ പ്രവേശിച്ചശേഷം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആ പദവിയില്‍ നിന്നാണ് ആലപ്പുഴ കളക്ടറായി ശ്രീറാമിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ഡോ. നവ്‌ജ്യോത് സിങ് ഖോസയെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

 

'കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ല'; ശ്രീറാമിനെ കളക്ടറാക്കിയതിനെതിരെ കോണ്‍ഗ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ