'ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല'; ദേശീയ എക്‌സിക്യൂട്ടീവിന് കത്ത് നല്‍കിയെന്ന് കാനം; സിപിഐയില്‍ പോര് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 06:01 PM  |  

Last Updated: 24th July 2022 06:01 PM  |   A+A-   |  

kanam_rajendran

സിപിഐ ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു/ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന് ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെയാണ് കാനം ആനി രാജയ്ക്ക് എതിരെ പരാമര്‍ശം നടത്തിയത്. 

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ എം എം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം പ്രതിരോധിച്ചില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കാനം. 

ആനി രാജയുടെ പ്രതികരണം പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല. സംസ്ഥാന ഘടകവുമായി ആലോചിച്ചു വേണമായിരുന്നു പ്രതികരണം. ചര്‍ച്ച ചെയ്യാതെ ഉന്നയിച്ച വിമര്‍ശനത്തില്‍ പ്രതികരിക്കേണ്ടതില്ല. ഇത്തരം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ദേശീയ എക്‌സിക്യൂട്ടീവിന് കത്ത് നല്‍കിയെന്നും കാനം പറഞ്ഞു. 

കാനം രാജേന്ദ്രന് എതിരെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന നേതൃത്വം തിരുത്തല്‍ ശക്തിയാകുന്നില്ലെന്നും ആനി രാജയെ മണി അധിക്ഷേപിച്ചപ്പോള്‍ മിണ്ടാതിരുന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

നേരത്തെയും ആനി രാജയുടെ പ്രതികരണങ്ങള്‍ക്ക് എതിരെ കാനം രംഗത്തുവന്നിരുന്നു. കേരള പൊലീസില്‍ ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന ആനിയുടെ പരാമര്‍ശത്തിന് എതിരെ രംഗത്തുവന്ന കാനം, പ്രതികരണങ്ങള്‍ സംസ്ഥാന നേതൃത്വുമായി ആലോചിച്ച് നടത്തണമെന്ന് നിലപാടെടുത്തിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കാം 'പിണറായി ബ്രാന്‍ഡ്' വേണ്ട; മുന്‍ ഇടതുസര്‍ക്കാരുകളുടെ കാലത്ത് കാണാത്ത രീതി; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ