വിവാഹം ശരിയാക്കാമെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങി പറ്റിച്ചു; ദല്ലാളിനെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു, പ്രതിയെ കുടുക്കിയത് ഓട്ടോ ഡ്രൈവർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 08:49 AM  |  

Last Updated: 27th July 2022 08:49 AM  |   A+A-   |  

broker_murdered

കൊല്ലപ്പെട്ട അബ്ബാസ്, അറസ്റ്റിലായ മുഹമ്മദ് അലി

 

പാലക്കാട്; വിവാഹ ദല്ലാളിനെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു. കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ കട്കത്തൊടി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നെല്ലായ കുണ്ടിൽ വീട്ടിൽ മുഹമ്മദ് അലി (40)യെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം ശരിയാക്കിക്കൊടുക്കാമെന്ന പറഞ്ഞ് പറ്റിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം. 

ഇന്നലെ രാവിലെ ആറരയ്ക്കാണ് സംഭവമുണ്ടായത്. ഓട്ടോയിലാണ് മുഹമ്മദ് അലി ദല്ലാളിന്റെ വീട്ടിൽ എത്തിയത്. വാതിലിൽ മുട്ടിവിളിച്ച് അബ്ബാസിനെ പുറത്തിറക്കിയശേഷം കറിക്കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുത്തിയ ശേഷം ഓട്ടോയില്‍ കയറിയ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അബ്ബാസിന്റെ മകന്‍ ശിഹാബുദ്ദീന്റെ കയ്യിനു പരുക്കേറ്റു. ഉടൻ കൊപ്പം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

കൃത്യം നടത്തി മടങ്ങവെ കുലുക്കല്ലൂർ ഇടുതറയിൽ വച്ച് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസില്‍ വിളിച്ചു അറിയിച്ചതിനെ തുടര്‍ന്ന് കൊപ്പം പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. വിവാഹ ദല്ലാള്‍ ആയ അബ്ബാസ് വിവാഹം ശരിയാക്കി നൽകാമെന്നു പറഞ്ഞു പതിനായിരം രൂപ വാങ്ങി പറ്റിച്ചെന്ന് ആരോപിച്ചാണ് കൊലപാതകമെന്നു ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കാം

 'ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിലിട്ട ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു'; ഫസ്‌നയെ പിടികൂടിയത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ