'ഖേദപ്രകടനം നടത്തി'; ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആര്‍ ബിന്ദു സന്ദര്‍ശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 07:23 PM  |  

Last Updated: 31st July 2022 07:23 PM  |   A+A-   |  

r_bindu

മന്ത്രി ആര്‍ ബിന്ദു ഫിലോമിനയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍

 

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അക്കൗണ്ടില്‍ പണം ഉണ്ടായിട്ടും ചികിത്സയ്ക്ക് തുക കിട്ടാതെ മരിച്ചയാളുടെ വീട് മന്ത്രി ആര്‍ ബിന്ദു സന്ദര്‍ശിച്ചു. മാപ്രാണം സ്വദേശി ഫിലോമിനയുടെ വീട്ടിലാണ് മന്ത്രിയെത്തിയത്.

കഴിഞ്ഞദിവസമാണ് ഫിലോമിന മരിച്ചത്. അക്കൗണ്ടില്‍ പണം ഉണ്ടായിട്ടും ചികിത്സയ്ക്ക് തുക ബാങ്ക് നിഷേധിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ആക്ഷേപം. ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് ബാങ്കിനെ ന്യായീകരിച്ച് കൊണ്ട് മന്ത്രി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ബാങ്കിന് മുന്നില്‍ ഫിലോമിനയുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമാണ് എന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദമായത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

ഫിലോമിനയുടെ രോഗവിവരങ്ങള്‍ മന്ത്രി ചോദിച്ച് അറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്ന് ബാങ്കിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഫിലോമിനയുടെ കുടുംബം മന്ത്രിയെ ധരിപ്പിച്ചു. ചികിത്സയുടെ സമയത്ത് 4.60 ലക്ഷം രൂപ ഫിലോമിനയ്ക്ക് ബാങ്ക് നല്‍കിയതായും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പണം ലഭിച്ചിട്ടില്ല എന്നത് രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ മന്ത്രിയെ ബോധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മന്ത്രി ഖേദപ്രകടനം നടത്തിയെന്നും മാപ്പുപറഞ്ഞില്ലെന്നും ഫിലോമിനയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; ഒരുമരണം, അഞ്ചുപേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ