സ്ത്രീധനമായി 80 പവൻ, മാസം 15,000 രൂപയും; 7 ലക്ഷം കൂടി വേണമെന്ന് അപ്പുക്കുട്ടൻ, ഹേന നേരിട്ടത് ക്രൂര പീഡനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 08:05 AM  |  

Last Updated: 03rd June 2022 08:05 AM  |   A+A-   |  

cherthala_bride_murder

ഹെന- അപ്പുക്കുട്ടന്‍


 
ആലപ്പുഴ; ശുചിമുറിയിൽ നവവധു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് അറസ്റ്റിലായിരുന്നു. കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേനയുടെ (42) മരണത്തിൽ ഭർത്താവ് അപ്പുക്കുട്ടൻ (50) ആണ് അറസ്റ്റിലായത്.  സ്ത്രീധനപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇപ്പോൾ ഞെട്ടിത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

80 പവൻ സ്വർണം സ്ത്രീധനമായി നൽകിയാണ് ഹേനയെ അപ്പുക്കുട്ടനുമായി വിവാഹം കഴിപ്പിച്ചത്. ഹേനയുടെ ചിലവിനായി മാസപ്പടിയായി 15000 രൂപയും നൽകിയിരുന്നു. എന്നാൽ ഏഴു ലക്ഷം രൂപ കൂടി വേണം എന്നു പറഞ്ഞ് അപ്പുക്കുട്ടൻ ഹേനയെ ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. 

 കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുള്ള വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതൽ നേരിയ മാനസികാസ്വാസ്ഥ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാർ വിവാഹം നടത്തിയത്. മകളെ പൊന്നുപോലെ നോക്കാമെന്ന ഉറപ്പിലാണ് ഉയർന്ന സ്ത്രീധനം നൽകി വിവാഹം കഴിപ്പിച്ചത്. വിവാഹം കഴിഞ്ഞ ഉടൻ ഭർതൃവീട്ടിലേക്ക് വാഷിങ് മെഷീൻ, ഫ്രിജ്, ടെലിവിഷൻ എന്നിവ വാങ്ങി നൽകി. ഇതിനു പുറമേ 7 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങൾ പതിവായിരുന്നു. 

പണം വേണമെന്ന ആവശ്യം ഹേന വഴി വീട്ടിൽ ഉന്നയിച്ചെങ്കിലും ഇത്ര വലിയ തുക ഇപ്പോൾ തരാൻ കഴിയില്ലെന്ന് പിതാവ് അറിയിച്ചു. ചെയ്യുന്ന ജോലികൾക്ക് കുറ്റം പറയാറുണ്ടെന്നും മർദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പിതാവ് കൂട്ടിക്കൊണ്ടുവരാൻ പോയപ്പോൾ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി. പണം ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നേരിടുന്ന പീഡനങ്ങൾ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ അപ്പുക്കുട്ടൻ ഹേനയുടെ ഫോൺ നിലത്തെറിഞ്ഞ് നശിപ്പിച്ചിരുന്നെന്നും പറയുന്നു. പലപ്പോഴായി പണവും  80 പവൻ സ്വർണവും അപ്പുക്കുട്ടൻ കൈപ്പറ്റിയതായി വിവരമുണ്ട്.  സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഉൾപ്പെടുത്തണോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്. 

ഈ വാർത്ത കൂടി വായിക്കാം 

ഭർത്താവ് മരിച്ചപ്പോൾ ആശ്രിതനിയമനം, ഭർതൃമാതാവിനെ നോക്കാതെ വീട്ടിലേക്ക് പോയി; ശമ്പളം പിടിക്കാൻ  ഉത്തരവ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ