വിജയ്ബാബുവിനെ സഹായിച്ച നടനെ ഉടന്‍ ചോദ്യം ചെയ്യും; മുന്‍നിര ഗായകന്റെ മൊഴിയും രേഖപ്പെടുത്തും; കുരുക്ക് മുറുക്കി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 09:27 AM  |  

Last Updated: 04th June 2022 09:27 AM  |   A+A-   |  

vijaybabu

വിജയ് ബാബു/ഫയൽ

 

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് സഹായം ചെയ്തു കൊടുത്ത നടനെ ഉടന്‍ ചോദ്യം ചെയ്യും. സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരുമിച്ചു കണ്ട മുന്‍നിര ഗായകന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തും. 

കേസുമായി ബന്ധപ്പെട്ട് 30 പേരുടെ സാക്ഷിമൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. 

ദുബായില്‍ ഒളിവിലായിരുന്നപ്പോള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് നടനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാലൊക്കേഷനില്‍ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാര്‍ഡുകള്‍, നടന്‍ നെടുമ്പാശ്ശേരി വഴി ദുബായില്‍ നേരിട്ടെത്തിയാണ് കൈമാറിയത്. 

ഒളിവിലായിരുന്ന വിജയ്ബാബുവിനെ മറ്റു ചിലരും സഹായിച്ചു. ഇവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ രണ്ട് ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. 

സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോണ്‍വിളികളും നടിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളും അന്വേഷണസംഘം പരിശോധിക്കും. ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. ചൊവ്വാഴ്ച വരെ വിജയ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

പൂപ്പാറ കൂട്ടബലാത്സംഗം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ