യുവാവിന് ദാരുണാന്ത്യം; തൃപ്പൂണിത്തുറ അപകടത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ കൂട്ടനടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 02:56 PM  |  

Last Updated: 05th June 2022 02:56 PM  |   A+A-   |  

thrippunithura_accident

വാഹനാപകടം നടന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലം, ടെലിവിഷന്‍ ദൃശ്യം

 

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ടനടപടി. എറണാകുളം ജില്ലാ പാലം വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസി.എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് അന്വേഷണവിധേയമമായി സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തില്‍ കേസെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പാലം പണി കരാറുകാരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്തത്. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് പരാതി.

ഇന്നലെ പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണു എന്ന യുവാവ് മരിച്ചത്. മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് അച്ഛന്‍ മാധവന്‍ ആരോപിച്ചു. അപകടം ഒഴിവാക്കാമായിരുന്നു. ഈ അവസ്ഥ ഇനി ആര്‍ക്കും സംഭവിക്കരുതെന്നും വിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍  അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

തൃപ്പൂണിത്തുറയിലെ യുവാവിന്റെ അപകടമരണം, കരാറുകാരനെതിരെ കേസ്; മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് അച്ഛന്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ