മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 09:47 AM  |  

Last Updated: 07th June 2022 09:47 AM  |   A+A-   |  

actress attacked case; crime branch required to inspect memory card

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെ, എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചു തുടങ്ങിയ കാര്യങ്ങള്‍ അറിയണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു. 

ക്രൈംബ്രാഞ്ചിന്റെ ഈ ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. കേസില്‍ ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാല്‍ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്‍  ആവശ്യപ്പെടുന്നത്. 

മെമ്മറി കാര്‍ഡിലെ ഓരോ ഫയലുകളിലെയും ഫയല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിക്കണം. അതിനായി വീണ്ടും മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഓരോ ഫയലുകളിലെയും ഫയല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിച്ചാല്‍ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് 2018 ജനുവരി 09, ഡിസംബര്‍ 13 തീയതികളില്‍ ഹാഷ് വാല്യുവില്‍ മാറ്റം വന്നുവെന്നാണ് കണ്ടെത്തിയത്. ഫോറന്‍സിക് ലാബില്‍ പരിശോധിച്ച മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു ലോക്ക് ചെയ്താണ് കോടതിക്ക് കൈമാറിയിരുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു. 

എഡിജിപിയെ മാറ്റിയതിനെതിരായ ഹര്‍ജി കോടതി പരിഗണിക്കും

അതിനിടെ, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ അവശേഷിക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷത്തേക്ക് മാറ്റരുതെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചതായും, കേസിന്റെ മേല്‍നോട്ടച്ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന് ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

ആ രണ്ട് മൊബൈല്‍ ഫോണുകള്‍ എവിടെ?; കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ