കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവായ രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജ് എന്നിവര്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനാണ് ശ്രമം. നിര്‍ണായക തെളിവുകളുള്ള ഈ ഫോണുകള്‍ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഫോണുകള്‍ കണ്ടെത്താന്‍ ദിലീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പരിശോധന നടത്തും. ദിലീപ് ജയിലിലായപ്പോള്‍, സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് ഉപയോഗിച്ച ഫോണ്‍ ആണ് ഇതിലൊന്ന്. സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സംഭാഷണങ്ങളും ചാറ്റുകളും ഈ ഫോണുകളിലുണ്ട്.
തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെയും സുരാജിനെയും അനൂപിനെയും ഉടന്‍ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനൊപ്പമിരുത്തിയാകും ചോദ്യം ചെയ്യല്‍. ഇതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയതായാണ് സൂചന. അതേസമയം തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നാരോപിക്കപ്പെടുന്ന പ്രതിഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ?
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയില്‍ ഇന്നും വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രോസിക്യൂഷന്‍ ഇതിനായി ഹാജരാക്കുന്നത് പഴയ രേഖകള്‍ ആണെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates