ഡോര്‍ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഇടിക്കട്ട കൊണ്ട് കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 08:57 AM  |  

Last Updated: 07th June 2022 09:03 AM  |   A+A-   |  

ksrtc strike dies non

പ്രതീകാത്മക ചിത്രം


കഴക്കൂട്ടം: ബസിന്റെ ഡോർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മർദനം. ബൈക്കിൽ എത്തിയ രണ്ടം​ഗ സംഘത്തിന്റെ മർദനത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ മൂക്കിന്റെ പാലം തകർന്നു.  

വികാസ് ഭവൻ യൂണിറ്റിലെ കണ്ടക്ടർ വർക്കല സ്വദേശി എം സുനിൽ കുമാർ (34) ആണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴയുന്നത്. ഇടിക്കട്ട കൊണ്ട് ഇടിച്ചാണ് മൂക്കിന്റെ പാലം തകർത്തത്. കണ്ടക്ടറുടെ ബാഗിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചതായും പരാതിയുണ്ട്.  

തിങ്കളാഴ്ച രാത്രി പോത്തൻകോട് നിന്നും ചെമ്പഴന്തി വഴി വികാസ്ഭവനിലേക്കു പോയ ബസിലാണ് സംഭവം.  ചേങ്കോട്ടുകോണത്ത് ബസ് നിർത്തിയപ്പോൾ ഒരാൾ പിൻ വാതിൽ തുറന്നിട്ട് റോഡിൽ നിന്ന രണ്ടു പേരുമായി സംസാരിച്ചു നിന്നു. കണ്ടക്ടർ ബല്ലടിച്ചിട്ടും ഇയാൾ ഡോർ അടച്ചില്ല. ഇതോടെ കണ്ടക്ടർ തന്നെ കയർ വലിച്ച് ഡോർ അടക്കുകയും ബല്ലടിച്ച് ബസ് വിടുകയും ചെയ്തു. 

ഇതോടെ ആ യുവാവും കണ്ടക്ടറും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ബസ് ഉദയഗിരി എത്തിയപ്പോൾ ബസിനെ പിൻ തുടർന്ന് ബൈക്കിൽ എത്തിയ രണ്ടു പേർ ബസ് തടഞ്ഞിട്ടു. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളും ബസിലുണ്ടായ യുവാവും ചേർന്ന്  തന്നെ മർദിക്കുകയായിരുന്നു എന്നാണ് കണ്ടക്ടർ ശ്രീകാര്യം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി ചേങ്കോട്ടുകോണം മുതൽ ഉദയഗിരി വരെയുള്ള ഭാഗങ്ങളിലെ സിസി ക്യാമറ ദൃശ്യങ്ങൾ കഴക്കൂട്ടം-ശ്രീകാര്യം പൊലീസ് ശേഖരിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍; കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ