സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 07:19 AM  |  

Last Updated: 07th June 2022 07:19 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. ഡിപിആര്‍ സമര്‍പ്പിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 

2020 ജൂണ്‍ 17നായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കേരളം നല്‍കിയത്. സംയുക്ത സര്‍വ്വെ നന്നായി മുന്നേറി എന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കേരളത്തിന്റെ ശ്രമം. ഡിപിആറിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന് കാണിച്ച് ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ദക്ഷിണ റെയില്‍വെയുമായി ചേര്‍ന്ന് സംയുക്ത സര്‍വ്വെക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം സില്‍വര്‍ ലൈന്‍ സര്‍വേക്കും കല്ലിടലിനുമെതിരെ കേരളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് കല്ലിടല്‍ ഒഴിവാക്കി ജിപിഎസ് സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

തലയും കയ്യും നായ കടിച്ചെടുത്ത നിലയില്‍; കിന്‍ഫ്രാ പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ