'ഇവന്‍ എന്നെ റോഡിലിട്ടു വലിച്ചിഴച്ചു, റേപ്പ് ചെയ്യാന്‍ ശ്രമിച്ചു'; വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 10:56 AM  |  

Last Updated: 08th June 2022 10:57 AM  |   A+A-   |  

ALICE_MAHAMUDRA

ആലിസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 

കോഴിക്കോട്: രാത്രി വീട്ടിലേക്കു നടന്നുപോവുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക ആക്രമണ ശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിത്രകാരി ആലിസ് മഹാമുദ്ര. ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത ഇടത്തു വച്ച് തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആലിസ് പറഞ്ഞു. ആക്രമണം നടത്തിയ ആളുടെ ചിത്രം സഹിതമാണ് ആലീസിന്റെ കുറിപ്പ്.

കുറിപ്പ്: 

ഇവന്‍ റേപ്പിസ്റ്റ്
ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന്‍ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന്‍ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന്‍ എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍ ഓടി വരാന്‍ സാധ്യതയുള്ളതിനാല്‍ അവന്‍ ഓടി. ഞാന്‍ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിന്‍ റോഡില്‍ അവന്റെ പുറകെ ഓടി. അലര്‍ച്ചകെട്ടു ആളുകള്‍ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാര്‍ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി. 
ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോള്‍.  ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.  പക്ഷേ ഏതറ്റം വരെയും ഞാന്‍ പോകും. ഇവന്‍ ഈ സമൂഹത്തില്‍ ഇനിയും പതിയിരിക്കാന്‍ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളില്‍ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാന്‍ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തില്‍ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാല്‍ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ  വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകള്‍ക്ക് വേണ്ടിയും വെറുതെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. 
അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാന്‍ പറഞ്ഞത്: നിങ്ങള്‍ അവനെ കൊന്നിട്ട് വരൂ. അപ്പോള്‍ മാത്രം ഞാന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവി തരാം. അല്ലെങ്കില്‍ ഞാന്‍ അവനെ കൊന്നുകൊള്ളാം.
അവന്റെ പേരും അഡ്രസ്സും ഞാന്‍ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നില്‍ ഇവന്‍ റേപ്പിസ്റ്റ് എന്ന് ഞാന്‍ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാന്‍ ഞാന്‍ അനുവദിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ