പരിസ്ഥിതി ലോല മേഖല ഉത്തരവ്: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 09:03 AM  |  

Last Updated: 08th June 2022 09:16 AM  |   A+A-   |  

ak saseendran

മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനവാസമേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കുമോ എന്നതാണ് പരിശോധിക്കുന്നത്. കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. രാവിലെ 11 ന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. മന്ത്രി ശശീന്ദ്രൻ ഇന്നലെ കൊച്ചിയിലെത്തി അഡ്വക്കേറ്റ് ജനറൽ കെ ​ഗോപാലകൃഷ്ണക്കുറുപ്പുമായി സംസാരിച്ചിരുന്നു.

അതിനിടെ, വനാതിർത്തി സംബന്ധിച്ച സുപ്രീം കോടതി വിധി മലയോര കർഷകരെ വഴിയാധാരമാക്കുന്നതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കോടതിയിൽ കർഷകരുടെ ആശങ്കകൾ അറിയിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു വിധി നടപ്പിലാക്കിയാൽ സഭയും കുടിയേറ്റ ജനതയും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും പാംപ്ലാനി മുന്നറിയിപ്പ് നൽകി. 

അതേസമയം പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് അടക്കം മന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന. 

ഈ വാർത്ത കൂടി വായിക്കൂ

പരിസ്ഥിതി ലോലമേഖല ഉത്തരവ്: തുടര്‍നടപടി ആലോചിക്കാന്‍ ഇന്ന് ഉന്നതതലയോഗം; നിയമപരിശോധന തുടങ്ങി കേന്ദ്രം
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ