യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം നാളെ മുതല്‍; പുതിയ സമയക്രമം ഇപ്രകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 01:56 PM  |  

Last Updated: 09th June 2022 02:00 PM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 


കോഴിക്കോട്: മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം നാളെ മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലാണ് നാളെ മുതല്‍ മാറ്റം വരുന്നത്. ഒക്‌ടോബര്‍ 31 വരെയാണ് മാറ്റം. 110 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകളുടെ വേഗം 75ലേക്കു താഴും.

കനത്ത മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ വേഗം വീണ്ടും കുറയും.  മഴക്കാലത്തെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണിത്‌. കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും.  വൈകിട്ട് കോഴിക്കോട് നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള യാത്രക്കാർക്ക് പുതിയ മാറ്റങ്ങൾ കൂടുതൽ ദുഷ്കരമാക്കിയേക്കും. 

ലോകമാന്യതിലക്‌–- തിരുവനന്തപുരം കുർള എക്‌സ്‌പ്രസ്‌ പുതുക്കിയ സമയപ്രകാരം 25 മിനിറ്റ്‌‌ വൈകിയാണ്‌ കോഴിക്കോട്ടെത്തുക. 9.55 ആണ്‌ പുതുക്കിയ സമയം. 5.30ന്‌ കോഴിക്കോട്‌ എത്താറുള്ള എറണാകുളം–- നിസാമുദ്ദീൻ പുതുക്കിയ സമയപ്രകാരം 4.15ന്‌ യാത്രപുറപ്പെടും. 

കേരളത്തിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം ഇപ്രകാരം. (ബ്രാക്കറ്റിലുള്ളത് നിലവിലെ സമയം):

എറണാകുളം ജംക്‌ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് - എറണാകുളത്തുനിന്നു രാവിലെ 10.40 ന് പുറപ്പെടും (ഉച്ചയ്ക്ക് 1.25).

തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ) - ഉച്ചയ്ക്ക് 2.30 ന് പുറപ്പെടും (വൈകിട്ട് 7.15).

തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (22653) വെള്ളിയാഴ്ച രാത്രി 10നു തിരുവനന്തപുരത്തു നിന്നു പുറപ്പെടും (ശനി പുലർച്ചെ 12.30).

എറണാകുളം - അജ്മേർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) ഞായർ വൈകിട്ട് 6.50 ന് എറണാകുളത്തു നിന്നു പുറപ്പെടും (രാത്രി 9.25).

 തിരുനെൽവേലിയിൽനിന്നു ജാംനഗറിലേക്കുള്ള ട്രെയിൻ (തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ) - രാവിലെ 5.15 ന് പുറപ്പെടും (രാവിലെ 8.00).

കൊച്ചുവേളിയിൽനിന്നു ഋഷികേശിലേക്കുള്ള ട്രെയിൻ (വെള്ളിയാഴ്ചകളിൽ ) - രാവിലെ 4.50നു പുറപ്പെടും (രാവിലെ 9.10).

കൊച്ചുവേളിയിൽനിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് (വ്യാഴം, ഞായർ ദിവസങ്ങളിൽ ) - രാവിലെ 7.45നു പുറപ്പെടും (രാവിലെ 8.45).

തിരുവനന്തപുരം - മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. രാവിലെ 9.15നുതന്നെ പുറപ്പെടും.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ