കേരളത്തില്‍ പ്രളയ സാധ്യത എവിടെയൊക്കെ? ഭൂപടം പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 12:59 PM  |  

Last Updated: 11th June 2022 01:01 PM  |   A+A-   |  

chalakkudi_flood

മലവെള്ളപ്പാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയപ്പോള്‍/ഫയല്‍

 

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. 10വര്‍ഷ പ്രളയ  ആവര്‍ത്തന സാധ്യത, 25വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 50വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 100വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 200വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത, 500വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യത എന്നിങ്ങനെയുള്ള പ്രദേശങ്ങളുടെ സൂക്ഷ്മ ഭൂപടങ്ങളാണ് തയാറാക്കിയത്. യു.എന്‍.ഇ.പി, യു.എന്‍ ഗ്രിഡ്, ചിമ ഫൗന്‍ഡേഷന്‍ ഇറ്റലി എന്നിവരുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. 

ഓരോ തദേശ സ്ഥാപനത്തിലെയും പ്രളയ സാധ്യതാ പ്രദേശം, അതാത് പ്രളയ സാധ്യതാ പ്രദേശത്ത് ഉണ്ടാകാവുന്ന പ്രളയ ജല ഉയരം എന്നിവ അതോറിറ്റി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 
കേന്ദ്ര ദുരന്ത ലഘൂകരണ പദ്ധതി 2019 പ്രകാരം പ്രളയ സാധ്യതാ പ്രദേശങ്ങളുടെ സൂക്ഷ്മ ഭൂപടങ്ങള്‍ തയ്യാറാക്കി നല്‍കേണ്ടത് കേന്ദ്ര സര്ക്കാര്‍ നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ആണ്. ഇവ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ ഇത്തരം ഒരു ഭൂപടം കേരളം തന്നെ മുന്‍കൈ എടുത്ത് തയ്യാറാക്കുകയായിരുന്നെന്ന് അതോറിറ്റി അറിയിച്ചു. 

തദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ദുരന്ത സാധ്യത പരിഗണിച്ചുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ ഭൂപടങ്ങള്‍ ഉപയോഗിക്കാം. 10വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യതാ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് വെള്ളക്കെട്ടും പ്രളയവും അനുഭവപ്പെടും. ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ശകതമോ അതില്‍ അധികമോ തീവ്രതയുള്ള മഴയില്‍ 10വര്‍ഷ പ്രളയ ആവര്‍ത്തന സാധ്യതാ പ്രദേശങ്ങള്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ മുങ്ങുക.

ഭൂപടത്തില്‍ ഓരോ പ്രളയ ആവര്‍ത്തന സാധ്യതാ പ്രദേശത്തും ഉള്ള സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ പ്രാദേശിക സൂചകങ്ങളായി ഉപയോഗിക്കാം.
ഡോ. മുരളി തുമ്മാരുകുടി, ഡോ. കരണ്‍ എന്നിവരുടെ സഹായത്തോടെയാണ് ഭൂപടങ്ങള്‍ തയാറാക്കിയത്. 

ഭൂപടം ഇവിടെ പരിശോധിക്കാം 

ഈ വാര്‍ത്ത കൂടി വായിക്കൂ

പരിസ്ഥിതി ലോല മേഖല; വ്യാഴാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ