'ഗുണ്ടാ നേതാവിനെയാണോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്?; സിപിഎം വ്യക്തമാക്കണം': കെഎസ്‌യു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 07:56 PM  |  

Last Updated: 12th June 2022 07:56 PM  |   A+A-   |  

arsho

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ

 

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി ഗുണ്ടാ നേതാവിനെയാണോ നിയമിച്ചതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. കെഎസ്‌യു പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെഎസ്‌യുവിന്റെ പ്രതികരണം. കേസില്‍, ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കീഴടങ്ങിയ ആര്‍ഷോയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

'എംജി സര്‍വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് അട്ടിമറിച്ച് എഐഎസ്എഫ് വനിതാ പ്രവര്‍ത്തകയെ ജാതി അധിക്ഷേപം നടത്തി ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും നിലവിലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമാണ് ആര്‍ഷോ. മഹാരാജാസ് കോളജില്‍ ഉള്‍പ്പെടെ കെഎസ്യു പ്രവര്‍ത്തകരെ ഗുരുതരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുകളിലെ മുഖ്യപ്രതിയും ആര്‍ഷോയാണ്. ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയും ആര്‍ഷോയാണ്.'- അഭിജിത്ത് പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെ അവകാശത്തിനുവേണ്ടി പോരാടിയതിനല്ല ആര്‍ഷോ റിമാന്‍ഡിലായതെന്നും, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണെന്നതും ഇതെല്ലാം അറിഞ്ഞ് വെച്ചാണ് ആര്‍ഷോയെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതൃത്വം നിയോഗിച്ചതെന്നും അഭിജിത്ത് ആരോപിച്ചു. സിപിഎം കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ക്രിമിനലുകളെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇതെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; റിമാന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ