മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്‍ 

മുഖ്യമന്ത്രിയും കുടുംബവും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സ്വപ്‌ന ഹര്‍ജിയില്‍
സ്വപ്ന സുരേഷ്
സ്വപ്ന സുരേഷ്

കൊച്ചി: തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിയും കുടുംബവും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, ഭാര്യ കമല, മുന്‍മന്ത്രി കെടി ജലീല്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ ശിവശങ്കര്‍, നളിനി നെറ്റോ എന്നിവര്‍ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിരവധി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ഇതിനായി തന്നെ ഉപയോഗിച്ചെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.  കടുത്ത ഭീഷണി വന്ന സാഹചര്യത്തിലാണ്  തനിക്കറിയാവുന്ന വസ്തുതകള്‍ രഹസ്യമൊഴിയായി നല്‍കിയത്. അതിനുള്ള പ്രതികാരമായിട്ടാണ് തനിക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. തന്റെ മൊഴി ഏതെങ്കിലും തരത്തില്‍ സാമൂഹിക കലാപമുണ്ടാകുന്നതിനോ മറ്റോ പ്രേരിപ്പിക്കുന്നതല്ല. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വപ്‌ന ഹര്‍ജയില്‍ പറയുന്നു. തന്നെ ഭയപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് കെടി ജലീലും പൊലീസും ഉദ്ദേശിക്കുന്നതെന്നും സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കി.

പൊലീസ് ഉന്നതനുമായി ഷാജ് കിരണ്‍ മണിക്കൂറുകള്‍ ചെലവഴിച്ചത് എന്തിനാണെന്ന് സ്വപ്‌ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണിനെ ദൂതനാക്കി തന്റെ അടുത്തേക്ക് അയച്ചത് എഡിജിപിയാണ്. കേരളാ പൊലീസില്‍ തനിക്ക് വിശ്വാസമില്ല. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തി അതുകൊണ്ടാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ ഇടനിലക്കാരനായാണ് എത്തിയതെന്ന് ഷാജ് തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മുന്നില്‍ കീഴടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും രഹസ്യമൊഴി വ്യാജമെന്ന് ഓഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഷാജ് നിര്‍ബന്ധിച്ചതായും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com