മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം; തലസ്ഥാനത്ത് സംഘര്‍ഷം;  സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 05:24 PM  |  

Last Updated: 13th June 2022 05:34 PM  |   A+A-   |  

aeroplane_protest

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കറുത്ത വസ്ത്രം ധരിച്ചായിരുന്നു രണ്ട് യുവാക്കളുടെ പ്രതിഷേധം.

കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി കയറിയ ഇന്‍ഡിഗോ വിമാനത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മൂന്നും പേരും മട്ടന്നൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ വിമാനത്തിനുള്ളില്‍ വ്ച്ച് ഇപി ജയരാജന്‍ മര്‍ദ്ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

കണ്ണൂരില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് മടങ്ങിയെത്തി. മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സുരക്ഷയുടെ മേല്‍നോട്ടം. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ 380 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

നഗരത്തിലെ എല്ലാ അസി.കമ്മിഷണര്‍മാരും സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. വിമാനത്താവളം മുതല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് പട്രോളിങുമുണ്ട്. വിമാനത്താവളത്തില്‍നിന്നും മുഖ്യമന്ത്രി പുറത്തേക്കു വരുന്ന വഴിയില്‍ ബാരിക്കേഡ് വച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കു പിന്തുണയുമായി നൂറു കണക്കിനു പാര്‍ട്ടി പ്രവർത്തകർ വിമാനത്താവളത്തിനു മുന്നിലെത്തി. വിമാനത്താവളത്തിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ടു. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.