'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ പിടിച്ചുതള്ളി'; ഡിജിസിഎയ്ക്ക് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 09:56 PM  |  

Last Updated: 14th June 2022 09:56 PM  |   A+A-   |  

aeroplane protest

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

തിരുവനന്തപുരം:  വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ആഭ്യന്തര സമിതി അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. വിമാനത്തിനുള്ളില്‍ കയറുന്നത് വിലക്കുന്ന നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് സമിതി മുഖ്യമായി പരിശോധിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും ഡിജിസിഎയ്ക്ക് നല്‍കിയ ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്നാണ് വിമാനത്തിലെ പ്രതിഷേധക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആക്രോശിച്ചുകൊണ്ട് മുന്നോട്ടുവന്നവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഗണ്‍മാന്‍ അനില്‍ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു.

ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. രാഷ്ട്രീയപരമായ വിരോധം നിമിത്തം ഒന്നുമുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന് കരുതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നെന്നും വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മൂന്ന് പ്രവര്‍ത്തകരും സീറ്റില്‍ നിന്ന് എഴുന്നേറ്റ് 'നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ' എന്നാക്രോശിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നുള്ളതാണ് എഫ്ഐആറില്‍ പറയുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളയാള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും പ്രതികള്‍ ആക്രമിച്ചതായും എഫ്ഐആറില്‍ പറയുന്നു.

ഗണ്‍മാന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൃത്യനിര്‍വഹണം തടസപ്പെടുത്തി, കുറ്റകരമായ ഗൂഢാലോചന നടത്തി, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എയര്‍ ക്രാഫ്റ്റ് അനുസരിച്ചുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും;  ഡിവൈഎഫ്‌ഐക്കാര്‍ ആക്രോശം മുഴക്കി'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ