ഒബിസി പട്ടിക വിപുലീകരിക്കുന്നു; ഒമ്പതു സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 04:52 PM  |  

Last Updated: 15th June 2022 04:52 PM  |   A+A-   |  

cabinet decision

മന്ത്രിസഭാ യോഗം, ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാന ഒബിസി പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം.  കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 

കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടും ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുവാന്‍ നിലവിലെ നിയമത്തില്‍ ഇളവ് നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അനൂപ് അംബികയെ മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. 

കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, റൂറല്‍ പൊലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കും. ഇതിന് മൂന്ന് ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കും. ആവശ്യമായ മറ്റു ജീവനക്കാരെ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ