

തിരുവനന്തപുരം; വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കു നേരെ നടന്ന പ്രതിഷേധത്തിൽ പൊലീസിന് റിപ്പോർട്ടു നൽകി വിമാനക്കമ്പനി ഇൻഡിഗോ. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും ഇൻഡിഗോ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്ത ഇവരെ യാത്രക്കാരിൽ ഒരാൾ തടഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.
റിമാന്റിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനം ഇന്നുണ്ടാകും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പിടിച്ചുതള്ളിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും ഡിജിസിഎയ്ക്ക് നല്‍കിയ ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ എത്തിയതെന്നാണ് വിമാനത്തിലെ പ്രതിഷേധക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആക്രോശിച്ചുകൊണ്ട് മുന്നോട്ടുവന്നവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഗണ്‍മാന്‍ അനില്‍ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു.ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates