ജയരാജന്റെ പേരില്ലാത്തത് ദുരൂഹം; ഇന്‍ഡിഗോ റിപ്പോര്‍ട്ട് സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി; തള്ളിക്കളയണമെന്ന് വി ഡി സതീശന്‍

ഇന്‍ഡിഗോ കമ്പനി ദക്ഷിണമേഖല മേധാവിയെ പ്രതിപക്ഷ നേതാവ് നേരിട്ട് പ്രതിഷേധം അറിയിച്ചു
വി ഡി സതീശന്‍/ ഫയല്‍
വി ഡി സതീശന്‍/ ഫയല്‍


തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയർലൈൻസ് മാനേജറുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റിപ്പോര്‍ട്ടില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്ന് സതീശന്‍ പറഞ്ഞു. ഇന്‍ഡിഗോ കമ്പനി ദക്ഷിണമേഖല മേധാവിയെ പ്രതിപക്ഷ നേതാവ് നേരിട്ട് പ്രതിഷേധം അറിയിച്ചു. 

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കണ്ണൂര്‍ സ്വദേശിയായ ഇന്‍ഡിഗോ എയർലൈൻസ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് മാനേജര്‍ ബിജിത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ടിന് പിന്നില്‍ പാര്‍ട്ടിയുടേയും പൊലീസിന്റേയും സമ്മര്‍ദ്ദമുണ്ട്. ഇ പി ജയരാജന്റെ പേര് ബോധപൂര്‍വം ഒഴിവാക്കിക്കൊണ്ടുള്ള വ്യാജ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തില്‍ രേഖാമൂലം പരാതി നല്‍കാന്‍ ഇന്‍ഡിഗോ ദക്ഷിണമേഖല മേധാവി വി ഡി സതീശനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇപി ജയരാജന്‍ വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധക്കാരെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നതിന് പിന്നാലെയാണ് ഇന്‍ഡിഗോ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി വിമാനത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി സീറ്റ് ബെല്‍റ്റ് മാറ്റിയപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തന്നെ രണ്ട് പേര്‍ പ്രതിഷേധവുമായി പാഞ്ഞടുത്തുവെന്നും അതിനിടെ ഒരാള്‍ ഇവരെ  തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വലിയതുറ പൊലീസിനെയാണ്   ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് മാനേജര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തടഞ്ഞത് ഇ.പി ജയരാജനാണെങ്കിലും അദ്ദേഹത്തിന്റെ പേര് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രി വിമാനത്തിനുള്ളിലുണ്ടായിരുന്നുവോ ഇല്ലയോ എന്നതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇൻഡി​ഗോയുടെ റിപ്പോർട്ട്. പിന്നിലിരുന്നിരുന്ന മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായതെന്നാണ് കോടിയേരി നേരത്തെ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com