'പുറത്തുനിന്നുള്ളവര്‍ പെട്ടിയുമായി ഓടി'; വകുപ്പ് മേധാവിമാരെ സസ്‌പെന്റ് ചെയ്തു, ഏകോപനത്തില്‍ പിഴവുണ്ടായെന്ന് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 07:37 PM  |  

Last Updated: 20th June 2022 07:37 PM  |   A+A-   |  

veena george

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്‌തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ന്യൂറോളജി, നെഫ്‌റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെയാണ്  സസ്‌പെന്റ് ചെയ്തത്. ഏകോപനത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 

'ആംബുലന്‍സ് എത്തിക്കഴിഞ്ഞതിന് ശേഷം ഡോക്ടര്‍മാര്‍ ഇറക്കുന്നതിന് മുന്‍പ് ആശുപത്രി ജീവനക്കാര്‍ അല്ലാത്ത പുറത്തുനിന്നുള്ള മൂന്നാലുപേര്‍ പെട്ടെന്നു തന്നെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടി എന്നുള്ള പരാതിയുമുണ്ട്. ഇവര്‍ പോയിട്ട് ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ എത്തിയപ്പോള്‍ ഏത് വാതിലാണ് എന്ന് മനസ്സിലായില്ല. അവിടെ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ എടുക്കുന്നതിന് മുന്‍പ് പുറത്തുനിന്നുള്ളവര്‍ എങ്ങനെ എടുത്തുകൊണ്ട് ഓടിയെന്ന് അന്വേഷിക്കും.'- മന്ത്രി പറഞ്ഞു. 

രണ്ടരയോടു കൂടിയാണ് കിഡ്‌നിയുമായി ആംബുലന്‍സ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. ആംബുലന്‍സ് ഡ്രൈവറെ കൂടാതെ രണ്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. അഞ്ചരയോടു കൂടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. കിഡ്‌നി കൃത്യമായി തന്നെ എത്തിക്കാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍, പൊലീസ്, ഡോക്ടര്‍മാര്‍ നന്ദി അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ആംബുലന്‍സ് ഇവിടെ എത്തിക്കഴിഞ്ഞതിന് ശേഷം ഡോക്ടര്‍മാര്‍ ഇറക്കുന്നതിന് മുന്‍പ് ആശുപത്രി ജീവനക്കാര്‍ അല്ലാത്ത പുറത്തുനിന്നുള്ള മൂന്നാലുപേര്‍ പെട്ടെന്നു തന്നെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടി എന്നുള്ള പരാതിയുമുണ്ട്.-വീണാ ജോര്‍ജ് പറഞ്ഞു. 

പ്രഥമ വിവരം അനുസരിച്ച് നാലു മണിക്ക് രോഗിയെ ട്രാന്‍സ്പ്ലാന്റേഷന് മുന്നുള്ള ഡയാലിസിസിന് കയറ്റി. എട്ടു മണിയോടുകൂടി ഡയാലിസിസ് കഴിഞ്ഞു. എട്ടേ കാലോടുകൂടി ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിച്ചു. എട്ടരയോടെ ശസ്ത്രക്രിയ ആരംഭിച്ചു. എട്ടു മണിക്കൂറോളം ശസ്ത്രക്രിയ നടന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, രോഗി മരിച്ചു. എന്താണ് മരണകാരണം എന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കുള്ളു. പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.-മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം വൃക്ക കൃത്യസമയത്ത് എത്തിച്ചു; നാലര മണിക്കൂര്‍ കഴിഞ്ഞ് ശസ്ത്രക്രിയ; രോഗി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ