'പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെ പോലെ; ഭരണം മാറുമെന്ന് മറക്കരുത്': സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 08:59 PM  |  

Last Updated: 20th June 2022 08:59 PM  |   A+A-   |  

sudhakaran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ''സിപിഎം ക്രിമിനലുകള്‍ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. ആഭ്യന്തരമന്ത്രി ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസ് സ്വയം ഏറ്റെടുത്തു. മധ്യസ്ഥതയ്ക്ക് ആളെ വിട്ടും കള്ളമൊഴി നല്‍കിയും വിജിലന്‍സ് മേധാവി മുതല്‍ ഗണ്‍മാന്‍ വരെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഓടിനടക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് മൃഗീയമായ നരനായാട്ട് നടത്തുകയാണ്' സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കും കണ്ണിനും നേരെയാണു പൊലീസ് ലാത്തി പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരെ മര്‍ദ്ദിക്കാന്‍ സിപിഎം ഗുണ്ടകളെ ഇറക്കി. പൊലീസിന്റെ സാന്നിധ്യത്തിലാണ് മര്‍ദ്ദനം. ഇവരെ കസ്റ്റഡിയിലെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ല. പകരം നോക്കിനിന്ന് രസിക്കുകയാണ്. ഇത്തരം സമീപനം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.' - സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

ക്രമസമാധാനം തകര്‍ത്ത് അഴിഞ്ഞാടുന്ന സിപിഎം ഗുണ്ടകള്‍ക്കു വീണ്ടും സംരക്ഷണം ഒരുക്കാനാണ് പൊലീസിന്റെ നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടും. എകെജി സെന്ററിന്റെയും സിപിഎം നേതാക്കളുടെയും ആജ്ഞകള്‍ നടപ്പാക്കാന്‍ ഇറങ്ങുന്ന പൊലീസുകാര്‍ അധികാരവും ഭരണവും മാറിവരുമെന്ന കാര്യം വിസ്മരിക്കരുത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പൊലീസ് തയ്യാറാകണം. പക്ഷം പിടിച്ച് സിപിഎം ഗുണ്ടകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന്റെ ഉദ്ദേശ്യമെങ്കില്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസും മറുപടി നല്‍കാന്‍ നിര്‍ബന്ധിതരാകും. -സുധാകരന്‍ പറഞ്ഞു.

കെപിസിസി ആസ്ഥാനം ആക്രമിച്ച് മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സിപിഎം ഡിവൈഎഫ്‌ഐ ക്രിമിനലുകളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നത് നാണക്കേടാണ്. അതിനെതിരെ കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ സിപിഎമ്മുകാര്‍ക്ക് പൊലീസ് അവസരമൊരുക്കി. ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിനെതിരെ ജീവന്‍പോലും അപായപ്പെടുത്തുന്ന വിധം ഗുരുതരമായ ആക്രമണമാണ് പൊലീസ് നടത്തിയത്.

കണ്ണൂരില്‍ മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു നേതാവിനെ സിപിഎം ഗുണ്ടകള്‍ക്കു മര്‍ദ്ദിക്കാന്‍ പിടിച്ചുകൊടുത്തതും പൊലീസാണ്. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെ ആക്രമിച്ച സിപിഎമ്മുകാരെ സംരക്ഷിക്കാന്‍ പൊലീസ് കള്ളക്കളി നടത്തി. സംസ്ഥാന വ്യാപകമായി അന്‍പതില്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം ക്രിമിനലുകള്‍ തല്ലിത്തകര്‍ത്തു. മൂന്നോളം കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പയ്യന്നൂരില്‍ രാഷ്ട്രപിതാവിന്റെ തലയറുത്തു മാറ്റി. പ്രതിപക്ഷ നേതാവിനെ വകവരുത്താന്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കടന്ന ക്രിമിനലുകള്‍ക്കെതിരെയോ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെയോ നടപടിയുമില്ല. സിപിഎം ഗുണ്ടകള്‍ നടത്തുന്ന അക്രമത്തെ തടയാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത പൊലീസ് നിലപാട് നിയമവാഴ്ചയെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്.' - സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 'പുറത്തുനിന്നുള്ളവര്‍ പെട്ടിയുമായി ഓടി'; വകുപ്പ് മേധാവിമാരെ സസ്‌പെന്റ് ചെയ്തു, ഏകോപനത്തില്‍ പിഴവുണ്ടായെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ