തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്കാണ് വിദ്യാർത്ഥികൾക്കല്ല. മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് വളരെ കൃത്യമായ നിർദേശങ്ങൾ ഈ കാലയളവിൽ നൽകിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
"സർക്കാർ ജനങ്ങളുടെ സർക്കാരാണ്. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശുപത്രിയാണ്. ജനങ്ങളുടെ നികുതിപണം കൊണ്ടാണ് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്. ഒരു ശുപാർശയും ചെയ്യാനില്ലാത്ത ആയിരക്കണക്കിന് ആളുകളാണ് മെഡിക്കൽ കോളജുകളിൽ വരുന്നത്. അങ്ങനെ വരുന്ന ഓരോരുത്തർക്കും മികച്ച ചികിത്സ ലഭിക്കണം, അതാണ് ലക്ഷ്യമിടുന്നത്", വീണാ ജോർജ് പറഞ്ഞു.
സംഭവത്തിൽ ന്യൂറോളജി, നെഫ്‌റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടർമാരെ സസ്‌പെന്റ് ചെയ്തു. ഏകോപനത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണ വിധേയമായി മാറ്റി നിർത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നടപടിയിൽ പ്രതിഷേധവുമായി മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടർമാരെ ബലിയാടാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി. അതേസമയം ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അതിൽ ഉത്തരവാദിത്തപ്പെട്ടവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യുന്നത് ഒരു ശിക്ഷാ നടപടിയല്ല. മാറ്റിനിർത്തിയിട്ട് സമഗ്ര അന്വേഷണം നടത്തുകയാണ്. പക്ഷെ അത് സ്വീകരിക്കാൻ കഴിയില്ല എന്ന രീതിയിലേക്ക് ആളുകളുടെ ജീവന് ഒരു വിലയുമില്ലാത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
രണ്ടരയോടു കൂടിയാണ് കിഡ്‌നിയുമായി ആംബുലൻസ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. ആംബുലൻസ് ഡ്രൈവറെ കൂടാതെ രണ്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. അഞ്ചരയോടു കൂടി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. കിഡ്‌നി കൃത്യമായി തന്നെ എത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ, പൊലീസ്, ഡോക്ടർമാർ നന്ദി അർഹിക്കുന്നുണ്ട്. എന്നാൽ ആംബുലൻസ് ഇവിടെ എത്തിക്കഴിഞ്ഞതിന് ശേഷം ഡോക്ടർമാർ ഇറക്കുന്നതിന് മുൻപ് ആശുപത്രി ജീവനക്കാർ അല്ലാത്ത പുറത്തുനിന്നുള്ള മൂന്നാലുപേർ പെട്ടെന്നു തന്നെ കിഡ്‌നിയുള്ള പെട്ടിയുമെടുത്ത് ഓടി എന്നുള്ള പരാതിയുമുണ്ട്, വീണാ ജോർജ് പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിൻറെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സുരേഷിൻറെ സഹോദരൻറെ പരാതിയിലാണ് കേസ്.
ഈ വാര്‍ത്ത കൂടി വായിക്കാം
'പുറത്തുനിന്നുള്ളവര്‍ പെട്ടിയുമായി ഓടി'; വകുപ്പ് മേധാവിമാരെ സസ്‌പെന്റ് ചെയ്തു, ഏകോപനത്തില്‍ പിഴവുണ്ടായെന്ന് ആരോഗ്യമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates