'ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു'; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം: 29പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 08:08 PM  |  

Last Updated: 23rd June 2022 08:08 PM  |   A+A-   |  

jishnu

മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണു

 

കോഴിക്കോട്:  എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായും രാഷ്ട്രീയ വിരോധം കാരണമാണ് ആക്രമണമെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ബാലുശേരി പാലോളി മുക്കില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.  ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഒരുമണിക്ക് പിടികൂടിയ ജിഷ്ണുവിനെ മൂന്നരയോടെ ബാലുശേരി പൊലീസിനെ വിളിച്ച് കൈമാറുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പൊലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം ആരോപിക്കുന്നു.

 

രണ്ടുമണിക്കൂര്‍ നേരമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഫ്‌ലക്‌സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു. ബലം പ്രയോഗിച്ച് വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറയുന്നു. എല്ലാം കുറ്റങ്ങളും ഇവന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇനി തെളിവ് വേണ്ടതില്ലെന്നും ആള്‍ക്കൂട്ടം പൊലീസിനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സ്വപ്‌നയ്ക്ക് പിന്നില്‍ വലിയ തിമിംഗലങ്ങള്‍, അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, വെറുതെയിരുന്ന എന്നെ മാന്തിവിട്ടു': സരിത

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ