പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇനി കൂടുതല്‍ പണം നല്‍കണം; മൈക്ക് ലൈസന്‍സിന് ഇരട്ടിത്തുക; സേവന നിരക്കുകള്‍ കൂട്ടി

പൊലീസ് നായയുടെ സേവനത്തിന് പ്രതിദിനം 6950 രൂപയും വയര്‍ലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നല്‍കണം
കേരള പൊലീസ് ആസ്ഥാനം/ ഫയല്‍
കേരള പൊലീസ് ആസ്ഥാനം/ ഫയല്‍

തിരുവനന്തപുരം: കേരള പൊലീസ് സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ സേവന-ഫീസ് നിരക്കുകള്‍ 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. പൊലീസിന്റെ മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വര്‍ധിപ്പിച്ചു. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 ല്‍ നിന്ന് 610 രൂപയാക്കി ഉയര്‍ത്തി. 

സഞ്ചരിക്കുന്ന വാഹനത്തില്‍, കേരളം മുഴുവന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണമെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ തുക നല്‍കണം. നിലവിലെ 5515 രൂപ  11,030 രൂപയായി (അഞ്ചുദിവസത്തേക്ക്) വര്‍ധിപ്പിച്ചു. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുള്ള തുക 555 ല്‍ നിന്നും 1110 രൂപയാക്കി. 

സ്വകാര്യ-വിനോദ പരിപാടികള്‍, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതല്‍ പണം നല്‍കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ (ഓരോ നാലു മണിക്കൂറിനും) പകല്‍ 3795 രൂപയും രാത്രി 4750 രൂപയും നല്‍കണം. പൊലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്താന്‍ 11,025 രൂപയ്ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നല്‍കണം. 

പൊലീസ് നായയുടെ സേവനത്തിന് പ്രതിദിനം 6950 രൂപയും വയര്‍ലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നല്‍കണം. ഫിംഗര്‍ പ്രിന്റ് ബ്യൂറോ, പോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകള്‍, അപകടവുമായി ബന്ധപ്പെട്ട രേഖകല്‍, ഇതരസംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയി വെരിഫിക്കേഷന്‍ ഫീസ് എന്നിവയും കൂട്ടി.

ബാങ്കുകള്‍, തപാല്‍ വകുപ്പ് എന്നിവക്കുള്ള പൊലീസ് എസ്‌കോര്‍ട്ട് നല്‍കുന്നതിനുള്ള തുക, നിലവിലെ നിരക്കില്‍ നിന്നും 1.85 ശതമാനം വര്‍ധിപ്പിച്ചു. പൊലീസിന്റെ സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com