ഇതൊക്കെ സ്വയം നിയന്ത്രിക്കണം, മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാനാകില്ല; ജനാധിപത്യത്തിന് നിരക്കാത്ത നടപടിയെന്ന് കാനം

'അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല അതെന്ന് കാനം പറഞ്ഞു. 

അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. 
എംപി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. വോട്ടുചെയ്തപ്പോള്‍ ഓര്‍ക്കണം, ഒരു എംപി എന്ന നിലയില്‍ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന്. രാഹുല്‍ഗാന്ധിയുടെ ഇഡി കേസുമായി പ്രതിഷേധത്തെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ഇഡി കേസിന് കാരണം രാഹുല്‍ഗാന്ധിയുടെ കയ്യിലിരിപ്പുകൊണ്ടാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

എസ്എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദേഷമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ഇടതുപക്ഷത്തിന് ആകെ നാണക്കേടുണ്ടാക്കി. സര്‍ക്കാരിനെയും ഇടതുമുന്നണിയെയും അനുകൂലിക്കുന്ന ബഹുജനസംഘടനകള്‍ നിയമം കയ്യിലെടുക്കുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയുന്ന കാര്യമല്ല. 

ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണം. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിത്. കോളജുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍, രാഷ്ട്രീയ വിഷയത്തിലും വിദ്യാഭ്യാസ വിഷയങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാകണം. അതിനു പകരം കയ്യൂക്കു കാണിച്ച് വിദ്യാര്‍ത്ഥികളെ ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍ നിര്‍ത്തുന്നത് ഗുണകരമായിട്ടുള്ള കാര്യമല്ല. എസ്എഫ്‌ഐയെ നിയന്ത്രിക്കേണ്ട വിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ എല്‍ഡിഎഫിന് ദോഷം ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com