സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

പ്രതിമാസം 40 യൂണിറ്റ് ഉപയോ​ഗിക്കുന്ന ആയിരം വാട്ട് കണക്ടഡ് ലോഡുള്ളവർക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾക്കും താരിഫ് വർധന ഉണ്ടാകില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. 6.6 ശതമാനമാണ് നിരക്ക് വർധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന്‌ വർധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കൺവാടി, വൃദ്ധസദനം എന്നിവിടങ്ങളിൽ നിരക്ക് വർധിക്കില്ല. പെട്ടിക്കടകൾക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഇളവ് തുടരും. മാരക രോ​ഗികളുള്ള വീട്ടുകാർക്കും നിരക്ക് വർധന ഉണ്ടാകില്ല. 

2022- 23 വർഷത്തേക്കുള്ള നിരക്ക് വർധന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ അധ്യക്ഷൻ പ്രേമൻ ദിനരാജാണ് പ്രഖ്യാപിച്ചത്. 

പ്രതിമാസം 40 യൂണിറ്റ് ഉപയോ​ഗിക്കുന്ന ആയിരം വാട്ട് കണക്ടഡ് ലോഡുള്ളവർക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾക്കും താരിഫ് വർധന ഉണ്ടാകില്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർക്കും നിരക്ക് വർധന ഇല്ല. 2019ലെ അതേ നിരക്ക് തന്നെയായിരിക്കും ഇവരിൽ നിന്ന് ഈടാക്കുക. 

പെട്ടിക്കട, തട്ടുകട എന്നിവർക്ക് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ആയിരം വാട്ട് വരെയാണ് ഇവർക്ക് ഉപയോ​ഗിക്കാനുള്ള പരിധിയുണ്ടായിരുന്നത്. ഇത് 2000 വാട്ടായി ഉയർത്തി. ഇവർക്ക് ഫ്രഡ്ജ്, മിക്സി അടക്കമുള്ളവ ഈ പരിധിക്കുള്ളിൽ ഉപയോ​ഗിക്കാൻ സാധിക്കും. 

വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തിയാകും ഇനിമുതൽ നിരക്ക് തീരുമാനിക്കുക. ഏജൻസി വരുത്തുന്ന വീഴ്ച മൂലമുള്ള ഭാരം ഉപഭോക്താക്കളിലേക്ക് നൽകാൻ അനുവദിക്കില്ല. 

പൊതുജനാഭിപ്രായം കൂടി പരി​ഗണിച്ചാണ് നിരക്ക് വർധനവെന്ന് അധ്യക്ഷൻ വ്യക്തമാക്കി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്മീഷൻ താരിഫ് പുറത്തിറക്കുന്നതെന്നും സാധാരണക്കാരെയും കർഷകരേയും വ്യവസായികളേയും പരി​ഗണിച്ചതായും അദ്ദേഹം പറഞ്ഞു. ​ഗാർഹിക ഉപഭോക്താക്കൾക്ക് അനുകൂലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com