

കണ്ണൂർ: ഏഴാംക്ലാസിൽ പഠിക്കുന്ന മകനെ കെഎസ്ആർടിസി ബസിൽനിന്ന് ഇറക്കിവിട്ടതിനെതിരേ പരാതിയുമായി പിതാവ് രംഗത്ത്. കുട്ടിക്ക് ഫുൾടിക്കറ്റ് മുറിക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞ് റോഡിൽ ഇറക്കിവിട്ടുവെന്നാണ് പരാതി. സംഭവത്തിൽ രൂക്ഷവിമർശനവുമായി കുട്ടിയുടെ അച്ഛനും അധ്യാപകനുമായ പിലാത്തറയിലെ പി രമേശൻ ഫേയ്സ്ബുക്കിലും കുറിപ്പെഴുതി.
"കെഎസ്ആർടിസിക്കാർ ഇപ്പോൾ രോഗികളായ യാത്രക്കാരെയും പെട്ടെന്ന് ബസിൽ വച്ച് മരണത്തിന്റെ പിടിയിലകപ്പെടുന്നവരെയൊക്കെ ആശുപത്രിയിൽ എത്തിച്ച വാർത്തകൾ വായിച്ചിട്ടുണ്ട്. എന്നാൽ പ്രൈമറിക്കാരനായ ഒരു കുട്ടിയെ ഫുൾ ടിക്കറ്റ് മുറിക്കണമെന്ന് പറഞ്ഞ് റോഡിൽ, സ്‌റ്റോപ്പിലല്ലാതെ ഇറക്കി വിട്ടത് കേട്ടിട്ടുണ്ടോ. എന്റെ മകനെ ധർമ്മശാലയിൽ നിന്ന് പിലാത്തറയിലേക്കുള്ള യാത്രയിലാണ് റോഡിലെവിടെയോ ഒരു കെഎസ്ആർടിസി കണ്ടക്ടർ ഇറക്കിവിട്ടത്. കയ്യിൽ 30 രൂപയുണ്ടായിരുന്നു. ഫുൾ ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞാണ് ഇങ്ങനെ കുട്ടിയെ വഴിയിലിറക്കിയത്. ഇങ്ങനെയുള്ള കണ്ടക്ടർമാരെ കൂടി കെഎസ്ആർടിസി അനുമോദിക്കണം", എന്നാണ് രമേശൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർഥിയായ എം നിരഞ്ജനെയാണ് കെഎസ്ആർടിസി ബസിൽനിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധർമശാലയിൽനിന്ന് കയറിയ കുട്ടി പിലാത്തറയിലാണ് ഇറങ്ങേണ്ടത്. രാവിലെ നൽകിയിരുന്ന 70 രൂപയിൽ കുട്ടിയുടെ കൈയിൽ 30 രൂപ ബാക്കിയുണ്ടായിരുന്നു. കെഎസ്ആർടിസിയിൽ ചിലർ പകുതി ടിക്കറ്റാണ് എടുക്കാറ്. ഫുൾടിക്കറ്റ് എടുക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് മകനെ ഇറക്കിവിട്ടതെന്ന് രമേശൻ പറഞ്ഞു.
മഴയത്ത് നടന്ന് അടുത്തുള്ള സ്റ്റോപ്പിലെത്തിയ കുട്ടി തളിപ്പറമ്പ് വരെയുള്ള സ്വകാര്യബസിൽ കയറി. പാസെടുക്കില്ലെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ കുട്ടി കാര്യം തിരക്കി. വിവരം ചോദിച്ചു കാര്യം മനസ്സിലാക്കിയ ബസിലെ ജീവനക്കാർ വേറൊരു ബസിൽ പിലാത്തറയിലേക്ക് വിദ്യാർഥിയെ കയറ്റിവിട്ടു. കെഎസ്ആർടിസിക്കെതിരെ പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി രമേശൻ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates