'ഒന്നല്ല നൂറുപിടി പിടിച്ചാലും സിപിഎമ്മുകാരുടെ രോമത്തില്‍ പോലും പിടിക്കാനാകില്ല, ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാര്‍'; ആക്രമണരീതി അംഗീകരിക്കുന്നില്ലെന്ന് പി ഗഗാറിന്‍

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണരീതിയെ അംഗീകരിക്കുന്നില്ലെന്ന്് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍
പി ഗഗാറിന്‍ മാധ്യമങ്ങളോട്
പി ഗഗാറിന്‍ മാധ്യമങ്ങളോട്

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണരീതിയെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. സിപിഎം ജില്ലാ കമ്മിറ്റി അറിഞ്ഞ് ഇത്തരമൊരു സമരം നടക്കില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സംഭവത്തെ അപലപിക്കുന്നതായും ഗഗാറിന്‍ മാധ്യമങ്ങളോട് പറഞ്ഞ്. 

'ഇത്തരത്തിലുള്ള ആക്രമണരീതി അംഗീകരിക്കുന്നില്ല. ഇതിനെ നേരത്തെ തന്നെ അപലപിച്ചിരുന്നു. ഞങ്ങള്‍ അറിഞ്ഞ് കൊണ്ട് ഇത്തരത്തിലുള്ള ആക്രമണം നടക്കില്ല. എസ്എഫ്‌ഐ തന്നെ ഇത്തരത്തില്‍ ഒരു ആക്രമണം പ്ലാന്‍ ചെയ്യും എന്നും കരുതുന്നില്ല. അവിടെ ചെന്നപ്പോള്‍ കുട്ടികള്‍ അകത്തേയ്ക്ക് തള്ളിക്കയറിയതാകാം. തെറ്റായ രീതിയാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ്' - ഗഗാറിന്‍ പറയുന്നു.

'എസ്എഫ്‌ഐക്കാര്‍ ഓഫീസില്‍ ആക്രമണം നടത്തിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുവരില്‍ തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസുകാരാണ് ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ഉടച്ചത്. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. അതുകൊണ്ട് തന്നെ എസ്എഫ്‌ഐക്കാര്‍ ഗാന്ധിജിയുടെ ചിത്രം കൂടി ഉടച്ചു എന്ന് ആരോപിച്ചാല്‍ അതിന് കുറച്ച് കൂടി വൈകാരികത കൂടും. അതിനാല്‍ കോണ്‍ഗ്രസുകാര്‍ ബോധപൂര്‍വ്വം ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ഉടച്ചതാണ്. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആയതുകൊണ്ടാണ് സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് ഉള്‍പ്പെടെ 30 പേരെയാണ് അറസ്റ്റ്് ചെയ്തത്. യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരമൊരു കര്‍ശന നടപടി സ്വീകരിക്കുമോ' - ഗഗാറിന്‍ ചോദിക്കുന്നു.

ഭാവിയില്‍ ഇത്തരമൊരു ആക്രമണം ഉണ്ടാവാന്‍ പാടില്ല എന്ന് കരുതിയാണ് കര്‍ശന നടപടി സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്. സിദ്ദിഖ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത് അഹങ്കാരത്തിന്റെ ഭാഷയെന്നും ഗഗാറിന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒരു പിടി പിടിച്ചാല്‍ സിപിഎമ്മുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗഗാറിന്‍.ഒന്നല്ല നൂറുപിടി പിടിച്ചാലും സിപിഎമ്മുകാരുടെ രോമത്തില്‍ പോലും പിടിക്കാനാകില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com