സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം; യെച്ചൂരി ഉദ്ഘാടനം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 06:15 AM  |  

Last Updated: 01st March 2022 06:15 AM  |   A+A-   |  

CPM state convention begins today in Kochi

സിപിഎം സമ്മേളന വേദി/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

 

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചെങ്കൊടി ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. കൊച്ചി മറൈന്‍ഡ്രൈവിലെ ബി രാഘവന്‍ നഗറിലാണ് നാലുദിവസത്തെ സമ്മേളനം. 

23-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനത്തില്‍ 400 പ്രതിനിധികളും 23 നിരീക്ഷകരും പങ്കെടുക്കും. പ്രതിനിധി സമ്മേളനം രാവിലെ 10.30ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

പതാക ഉയർത്തലിനും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കും ശേഷം പ്രസീഡിയത്തെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കും. 12.15ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പു ചർച്ച തുടങ്ങും. ബുധൻ രാവിലെ മുതൽ പൊതുചർച്ച തുടരും. 

 ഭാവി കേരളത്തിന്റെ  വികസനത്തിനുള്ള കർമപരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാട്‌ നൽകാനുള്ള നയരേഖ ഇന്നു വൈകിട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ്‌ സമ്മേളനത്തിൽ വികസനരേഖ അവതരിപ്പിക്കുന്നത്‌. വികസന  നയരേഖയെക്കുറിച്ചുള്ള ചർച്ച വ്യാഴാഴ്‌ചയാണ്‌. 

സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാർടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട്‌ അഞ്ചിന്‌ മറൈൻഡ്രൈവിലെ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

1964ൽ സിപിഐ എം രൂപീകരണത്തിലേക്കു നയിച്ച പ്രത്യേക കൺവൻഷനും 1968ൽ എട്ടാം പാർടി കോൺഗ്രസും പ്ലീനവും നടന്ന കൊച്ചി നഗരം, 37 വർഷത്തിനുശേഷമാണ്‌ വീണ്ടും സമ്മേളനത്തിന്‌ വേദിയാകുന്നത്‌. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സമ്മേളനം നടക്കുക.