വെജ് ബിരിയാണിക്ക് പകരം നല്‍കിയത് ചിക്കന്‍ ബിരിയാണി; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം, 3 പേര്‍ക്ക് പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 08:58 AM  |  

Last Updated: 03rd March 2022 08:58 AM  |   A+A-   |  

chicken_biriyani

ഫയല്‍ ചിത്രം


പയ്യന്നൂർ: വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി വിളമ്പിയതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. പയ്യന്നൂരിലെ ഹോട്ടലിലാണ് ബുധനാഴ്ച സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പയ്യന്നൂർ മൈത്രി ഹോട്ടലിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെട്ടു. എന്നാൽ  വിളമ്പുന്നതിനിടയിലാണ് ചിക്കൻ ബിരിയാണി ആണെന്ന് മനസിലായത്. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയിൽപ്പെടുത്തി.  പിന്നാലെ തർക്കമായി. ഭക്ഷണം മാറ്റി നൽകാൻ ഹോട്ടലുടമ തയ്യാറായില്ലെന്നാണ് ആരോപണം. 

ഇവരുടെ തർക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കൾ പ്രശ്നത്തിൽ ഇടപെട്ടു.  വിളമ്പിയ ചിക്കൻ ബിരിയാണി തങ്ങൾ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ നിർദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറിയതായാണ് പരാതി.

ഹോട്ടലുടമ ഡി വി ബാലകൃഷ്ണൻ, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഹോട്ടലിൽ ബഹളമായതോടെ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിയത്, പിന്നാലെ പൊലീസും എത്തി. ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അറിയിച്ചു.