വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 06:26 AM  |  

Last Updated: 08th March 2022 06:26 AM  |   A+A-   |  

Five killed in Varkala house fire

അപകടത്തിൽ മരിച്ചവർ/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. 

വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), ഇളയമകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ടു നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

വര്‍ക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. മൂന്ന് ആണ്‍മക്കളാണ് പ്രതാപനുള്ളത്. ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് സംഭവസ്ഥലത്തെത്തി. അപകടം സംബന്ധിച്ച് എല്ലാ സാധ്യതകളും അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്പി പറഞ്ഞു.