തോട്ടഭൂമിയില്‍ ഇടവിളയായി പഴവര്‍ഗകൃഷി; ഇടഞ്ഞ് സിപിഐ; ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 11:12 AM  |  

Last Updated: 12th March 2022 11:12 AM  |   A+A-   |  

kanamrajendran

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: തോട്ടങ്ങളില്‍ ഇടവിളയായി മറ്റ് വിളകള്‍ കൃഷിചെയ്യാമെന്ന ബജറ്റ് നിര്‍ദേശത്തില്‍ എതിര്‍പ്പുമായി സിപിഐ. ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടൊന്നുമില്ല. അത് ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

ഈ പ്രൊപ്പോസല്‍ നേരത്തെയുമുണ്ടായിരുന്നു. തോട്ടത്തില്‍ ഉപയോഗശൂന്യമായ സ്ഥലത്ത് ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ബജറ്റ് നിര്‍ദേശം വന്നു എന്നതുകൊണ്ട് നിയമമൊന്നും മാറിയിട്ടില്ലല്ലോയെന്ന് കാനം ചോദിച്ചു. 

ബജറ്റ് നിര്‍ദേശം നിയമമായി മാറിയിട്ടൊന്നുമില്ലല്ലോ. നിയമം വരട്ടെ അപ്പോള്‍ പറയാം. ഇപ്പോള്‍ നിയമമൊന്നും മാറ്റുന്നില്ലല്ലോയെന്നും കാനം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍പ്പെടുത്തിയ നിയമമാണ് കാര്‍ഷിക പരിഷ്‌കരണ നിയമം. ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്ന നിര്‍ദേശങ്ങളില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് ശേഷമേ നിലപാട് എടുക്കാനാകൂ എന്നാണ് സിപിഐ  നിലപാട്. 

പ്ലാന്റേഷന്‍ നിര്‍വചന പരിധിയില്‍ റബര്‍, കാപ്പി, തേയില എന്നിവയ്‌ക്കൊപ്പം പഴവര്‍ഗക്കൃഷികള്‍ ഉള്‍പ്പെടെ ഭാഗമാക്കിക്കൊണ്ടുള്ള കാലോചിതമായ ഭേദഗതികള്‍ നിയമത്തില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രസ്താവിച്ചത്. ബജറ്റ് പ്രഖ്യാപനം പുതിയ കാര്യമല്ലെന്നാണ് സിപിഎം നിലപാട്.