കോഴിക്കോട്: ഒരു വർഷം മുൻപ് വീട് ജപ്തി ചെയ്യാൻ എത്തിയതായിരുന്നു ബാങ്ക് അധികൃതർ. എന്നാൽ ശുചിമുറി പോലുമില്ലാത്ത വീടിന്റെ ദയനീയാവസ്ഥ കണ്ട് ജപ്തി വിവരം ആ അമ്മയെ അറിയിക്കാതെ ബാങ്ക് മാനേജറും സംഘവും മടങ്ങി...ഒരു വർഷത്തിന് ഇപ്പുറം അമ്മയ്ക്കും പക്ഷാഘാതം വന്ന് തളർന്ന മകനും മേൽക്കൂരയുള്ള വീടായി...
ശുചിമുറി പോലുമില്ലാത്ത ഈ വീട്ടിൽ അമ്മയെങ്ങനെയാണു പ്രാഥമികകർമങ്ങൾ നിർവഹിക്കുന്നത് എന്നായിരുന്നു വീട് ജപ്തി ചെയ്യാൻ എത്തിയ സമയം ബാങ്ക് മാനേജറുടെ ചോദ്യം. ‘രാത്രിയാവാൻ ഞാൻ കാത്തുനിൽക്കും സാറേ’ എന്നായിരുന്നു ആ അമ്മയുടെ മറുപടി. അമ്മയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ മാനേജർക്ക് അന്ന് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാൻ കഴിഞ്ഞില്ല.
തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തി മാനേജർ സഹപ്രവർത്തകരോടു ഈ അമ്മയുടെ കാര്യം പറഞ്ഞു. പിന്നെ ബാങ്കിലെ ഒൻപതു ജീവനക്കാർ സ്വന്തം കയ്യിൽ നിന്നു കാശെടുത്ത് ആ അമ്മയുടെ വീട് പുതുക്കി പണിയുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാർ തന്നെയാണ് റോഡിൽനിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേൽക്കൂര മാറ്റി. അടുക്കള കോൺക്രീറ്റ് ചെയ്തു. ശുചിമുറിയുമുണ്ടാക്കി.
ബാഗ് നിർമാണ സംരംഭം തുടങ്ങാൻ വേണ്ടി കാപ്പാട് നോർത്ത് വികാസ് നഗറിലെ പാണാലിൽ ശശി 5 വർഷം മുൻപ് 50,000 രൂപ വായ്പയെടുത്തത്. എന്നാൽ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളർന്നു. ഇതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ജീവിക്കാൻ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേർന്ന് ഇട്ടുകൊടുത്ത ചെറിയ കടയായിരുന്നു ആശ്രയം. 70,000 രൂപയോളമാണ് വായ്പ തിരിച്ചടവുണ്ടായത്.
2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജർ എം.മുരഹരി ജപ്തി നടപടികൾക്കായി എത്തിയത്. 2021 മാർച്ചിൽ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയിൽ ഇളവുകൾക്കുശേഷമുള്ള 7000 രൂപ ജീവനക്കാർ കയ്യിൽ നിന്നെടുത്ത് അടച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates