

തിരുവനന്തപുരം: തീരദേശ പരിപാലന നിയമഭേദഗതി പ്രകാരം നിലവില്‍ താമസിക്കുന്ന ആരെയും ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശ നിയന്ത്രണങ്ങളില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ക്ക് ഇളവുകള്‍ നല്‍കും. നാഗരികസ്വഭാവമുള്ള 398 ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് പഞ്ചായത്തുകളായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതില്‍ 175 തീരദേശപഞ്ചായത്തുകളെ സിഎസ്ഇസഡ് മൂന്നില്‍ നിന്ന് രണ്ടിലേക്ക് മാറ്റാമെന്ന് വിദഗ്ധസമിതിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം മാത്രമേ ഏതൊക്കെ പഞ്ചായത്തുകളാണ് പ്രസ്തുത നിര്‍വചനത്തിന്റെ പരിധിയില്‍ വരികയെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.
നിലവില്‍ ഈ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിര്‍മ്മാണത്തിന് സാധാരണഗതിയില്‍ അനുമതി ലഭിക്കാറില്ല. ഇക്കാര്യത്തില്‍ കാറ്റഗറി മാറുന്നതിന് അനുസരിച്ചാണ് അനുമതി ലഭിക്കുന്ന പ്രശ്‌നം വരിക. കാറ്റഗറി മാറുന്നതോടെ റോഡിന്റെയോ കെട്ടിടത്തിന്റെയോ കരഭാഗത്ത് പുതിയ നിര്‍മ്മാണമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രമന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഇളവുകള്‍ സംസ്ഥാനത്ത് ബാധകമാകുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം കൊണ്ടുവന്ന ഇളവ് മൂന്നു വര്‍ഷമായിട്ടും നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒച്ചിഴയുന്ന വേഗം നമ്മുടെ സംവിധാനത്തിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പരമാവധി വേഗത്തില്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
