വീട്ടുകാര്‍ക്ക് സുരക്ഷാവലയം തീര്‍ത്തു, വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ച മൂര്‍ഖനുമായി പോരാടി; മൂന്ന് നായ്ക്കള്‍ക്ക് വിഷമേറ്റ് അന്ത്യം

പാമ്പിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നാല് നായ്ക്കള്‍ അവശനിലയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനുമായി പോരാടിയ മൂന്ന് പൊമറേനിയന്‍ വളര്‍ത്തുനായ്ക്കള്‍ പാമ്പിന്റെ കടിയേറ്റു ചത്തു. 4 നായ്ക്കള്‍ക്കു പരിക്ക്. 

കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി വി ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണു മൂര്‍ഖന്റെ വിഷമേറ്റു ചത്തത്. പാമ്പിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നാല് നായ്ക്കള്‍ അവശനിലയിലാണ്. 

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഭീമന്‍ വെള്ള മൂര്‍ഖന്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചത്. ഈ സമയം വീട്ടിലെ ഏഴു നായ്ക്കളെയും മുറ്റത്ത് അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കള്‍ ബഹളം വയ്ക്കുകയും മൂര്‍ഖനെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. 

ഇതിനിടയില്‍ മൂര്‍ഖന്‍ മുറ്റത്തെ വിറകിനടിയില്‍ ഒളിച്ചു. ബഹളം കേട്ട് ജോര്‍ജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കള്‍ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് അടുപ്പിക്കാതെ തടഞ്ഞു. തുടര്‍ന്നു നായ്ക്കള്‍ വിറകിനടിയില്‍ കയറി പാമ്പിനെ കടിച്ചു കുടഞ്ഞു. പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കള്‍ കൂട്ടത്തോടെ കുരച്ചു കൊണ്ട് പിന്നാലെ ഓടുകയും വീണ്ടും പാമ്പിനെ കടിച്ചു കുടയുകയും ചെയ്തു. 

ഇതിനിടയില്‍ മൂന്ന് നായ്ക്കള്‍ക്കു മൂര്‍ഖന്റെ കടിയേറ്റു. വിഷം ഏറ്റ നായ്ക്കള്‍ താമസിയാതെ ചത്തുവീണു. നായ്ക്കളുടെ കടിയേറ്റ മൂര്‍ഖനും ചത്തു. പരിക്കേറ്റ 4 നായ്ക്കളില്‍ ഒന്നിന്റെ കണ്ണ് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയേറ്റു തകര്‍ന്നു. മറ്റു നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com