വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടി; ശശി തരൂരിന് സുധാകരന്റെ മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 01:20 PM  |  

Last Updated: 20th March 2022 01:20 PM  |   A+A-   |  

Sudhakaran warns Shashi Tharoor

ശശി തരൂർ, കെ സുധാകരൻ/ ഫയൽ

 

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെന്ന് ശശി തരൂര്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ സുധാകരന്‍ പറഞ്ഞു. 

സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപിസിസി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ ശശി തരൂര്‍, കെ വി തോമസ് എന്നിവരെയാണ് സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്. 

എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നതിന് തന്നെ വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കെ റെയിലുമായി ബന്ധമുള്ള വിഷയത്തിലല്ല തന്നെ വിളിച്ചത്. ദേശീയ-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിലേക്കാണ് വിളിച്ചത്. വിലക്കു വന്നാല്‍ സോണിയാഗാന്ധിയോട് ചോദിച്ച് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.