കുടുംബപ്രശ്‌നം: വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഡാമില്‍ ചാടി ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 07:42 PM  |  

Last Updated: 21st March 2022 07:42 PM  |   A+A-   |  

suicide_1

ബിനീഷ്, പാര്‍വതി

 

അടിമാലി: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവാവും മകളും അണക്കെട്ടില്‍ ചാടി ജീവനൊടുക്കി. കോട്ടയം പാമ്പാടി പോത്തന്‍പുറം കുരുവിക്കൂട്ടില്‍ ബിനീഷ്(45), മകള്‍ പാര്‍വതി (16) എന്നിവരാണ് അടിമാലി കല്ലാര്‍കുട്ടി അണക്കെട്ടില്‍ ചാടി ജീവനൊടുക്കിയത്.

കല്ലാര്‍കുട്ടി വെളളത്തൂവല്‍ റോഡില്‍ ഡാമിന് കുറുകെയുളള പാലത്തില്‍ നിന്നാണ് ഇരുവരും ചാടിയത്. ബിനീഷും മകളും സഞ്ചരിച്ച ബൈക്കും വസ്ത്രങ്ങളടങ്ങിയ ബാഗും പഴ്‌സും ഡാമിനോട് ചേര്‍ന്നുളള റോഡുവക്കില്‍ നിന്ന് ഞായറാഴ്ച രാത്രി 10 മണിയോടെ കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അടിമാലി പൊലീസ് എത്തി പരിശോധിച്ചു. എന്നാല്‍, ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് ബിനീഷ് മകളെയും കൂട്ടി വീടുവിട്ട് ഇറങ്ങിയത്. വൈകിട്ട് വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്‌തെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ പാമ്പാടി പൊലീസില്‍ പരാതി നല്‍കി.

കല്ലാര്‍കുട്ടി മുതിരപ്പുഴയില്‍ ഇവര്‍ക്ക് ബന്ധുക്കളുണ്ട്. ഇവിടെയും എത്താതെ വന്നതോടെ ഡാമില്‍ ചാടിയെന്ന നിഗമനത്തിലായി പൊലീസ്. തുടര്‍ന്ന്, അടിമാലി അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും ഡാമില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച രണ്ട് മണിയോടെ ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. ഒരു മണിക്കൂറിന് ശേഷം പാര്‍വതിയുടെയും മൃതദേഹം കണ്ടെത്തി. അടിമാലി എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ദിവ്യയാണ് ബിനീഷിന്റെ ഭാര്യ. മകന്‍: വിഷ്ണു.