സീഷെല്‍സില്‍ പിടിയിലായ 56 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു; വിട്ടയച്ചവരില്‍ രണ്ട് മലയാളികളും
By സമകാലിക മലയാളം ഡെസ്ക് | Published: 22nd March 2022 02:10 PM |
Last Updated: 22nd March 2022 02:10 PM | A+A A- |

തോമസും ജോണിയും
ന്യൂഡല്‍ഹി: കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് സീഷെല്‍സ് നേവി ഇവരെ പിടികൂടിയത്. വിട്ടയച്ചവരില്‍ രണ്ട് വിഴിഞ്ഞം സ്വദേശികളും ഉള്‍പ്പെടുന്നു.
മത്സ്യബന്ധന ബോട്ടുകളിലെ തമിഴ്‌നാട്ടുകാരായ അഞ്ച് ക്യാപ്റ്റന്മാരെ സീഷെല്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 22 ന് കൊച്ചിയില്‍ നിന്നും അഞ്ചു ബോട്ടുകളിലായി പുറപ്പെട്ട സംഘത്തെയാണ് സീഷെല്‍സ് നേവി പിടികൂടിയത്.
ബോട്ടില്‍ രണ്ടുപേര്‍ മലയാളികളാണ്. വിഴിഞ്ഞം കടക്കുളം സ്വദേശികളായ ജോണി(34), തോമസ് (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും. പിടിയിലായ സംഘത്തില്‍ അഞ്ച് അസംകാരുമുണ്ട്. ശേഷിക്കുന്നവര്‍ തമിഴ്‌നാട് സ്വദേശികളാണ്.
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് ബോട്ട് സമുദ്രാതിര്‍ത്തി മുറിച്ചു കടക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പിടിയിലായതായി 12-ാം തീയതിയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിട്ടയച്ച മത്സ്യത്തൊഴിലാളികളെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.