ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് പണിമുടക്ക്; സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗതമന്ത്രി

ബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. കോവിഡ് പ്രതിസന്ധിക്ക് പുറമേ, ഇന്ധന വില കൂടി വര്‍ധിച്ചതോടെ വന്‍ നഷ്ടം സഹിച്ച് ഇനിയും സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്. 

ബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ബസുടമകള്‍ ഉന്നയിക്കുന്നു. ബസ് സമരം അടക്കം ആലോചിക്കാനായി തൃശൂരിലെ ബസ് ഉടമകളുടെ സംഘടനകള്‍ ഇന്ന് രാവിലെ യോഗം ചേരും. രാവിലെ 11 മണിയോടെ യോഗ തീരുമാനം പ്രഖ്യാപിച്ചേക്കും. 

അതേസമയം ബസുടമകള്‍ സമരത്തിലേക്ക് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. വളരെയേറെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. അതിനാല്‍ സമരവുമായി മുന്നോട്ടുപോകുന്നത് മനസ്സിലാകുന്നില്ല.  ഭീമായ നഷ്ടം സഹിച്ച് സര്‍വീസുമായി മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തില്‍ ബസുടമകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. അനുനയ നീക്കത്തിന്റെ സാധ്യതകള്‍ തേടുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com