സില്‍വര്‍ലൈന്‍ പ്രതിഷേധം; ക്ലിഫ് ഹൗസില്‍ കല്ലിട്ട് ബിജെപി; നിഷേധിച്ച് പൊലീസ്; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 02:40 PM  |  

Last Updated: 24th March 2022 02:40 PM  |   A+A-   |  

cliff_house_bjp

ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസില്‍ കല്ലിടുന്നു

 

തിരുവനന്തപുരം:  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പില്‍ അടയാളക്കല്ലിട്ടു. മതില്‍ചാടി കടന്നാണ് ആറ് പ്രവര്‍ത്തകര്‍ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. എന്നാല്‍ ക്ലിഫ് ഹൗസിലല്ല കൃഷിമന്ത്രിയുടെ വീട്ടവളപ്പിലാണ് കല്ലിട്ടതെന്നാണ് പൊലീസ് പറയുന്നത്. ക്ലിഫ് ഹൗസ് വളപ്പില്‍ കല്ലിടുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ചിറയിന്‍കീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് പിഴുതെടുത്ത സില്‍വര്‍ലൈന്‍ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. പ്രവര്‍ത്തകര്‍ കല്ലുകള്‍ നാട്ടിയശേഷം മുന്‍വശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതില്‍ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

വ്യാഴാഴ്ച 12.30ഓടെ ക്ലിഫ് ഹൗസിന്റെ പിറകുവശത്തെത്തിയ പ്രവര്‍ത്തകര്‍ മതില്‍ ചാടി വളപ്പിലേക്കു കടന്നു. കല്ലുകള്‍ പ്രതിഷേധ സൂചകമായി വളപ്പില്‍ കുഴിച്ചിട്ടു. പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവര്‍ത്തകരെ ക്ലിഫ്ഹൗസിലേക്കുള്ള റോഡില്‍ ബാരിക്കേഡ് വച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പൊലീസ് പിറകിലൂടെ പ്രവര്‍ത്തകര്‍ കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടില്ല. പിന്നീടു വലിയ പൊലീസ് സംഘം എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.

സാധാരണക്കാരുടെ കിടപ്പാടം നഷ്ടപ്പെടുന്ന പദ്ധതി അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. സിപിഎമ്മിനു വലിയ കമ്മിഷന്‍ കിട്ടുന്ന പദ്ധതിയാണിത്. ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ച കല്ലുകള്‍ ബൂത്തു തലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പിഴുതു മാറ്റും. പിഴുതെടുക്കുന്ന കല്ലുകള്‍ മന്ത്രിമാരുടെയും ജില്ലയിലെ 13 എംഎല്‍എമാരുടെയും വീടുകളില്‍ സ്ഥാപിക്കുമെന്നും രാജേഷ് പറഞ്ഞു.