വഴിയിൽ തടഞ്ഞു നിർത്തി ഹെൽമറ്റും വടിയും കൊണ്ട് മർദിച്ചു; ഡിവൈഎഫ്ഐ നേതാവും കൂട്ടരും തല്ലിച്ചതച്ച യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 07:52 AM  |  

Last Updated: 24th March 2022 08:01 AM  |   A+A-   |  

young man who was beaten by the DYFI leader

മരിച്ച ശബരി

 

ആലപ്പുഴ; ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച യുവാവ് മരിച്ചു. ചേപ്പാട് മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ബൈക്കിൽ പോകുകയായിരുന്ന ശബരിയെ ഡിവൈഎഫ്ഐ പള്ളിപ്പാട് മുൻ മേഖലാ സെക്രട്ടറി മുട്ടം കാവിൽ തെക്കതിൽ സുൽഫിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് മരണം.

പള്ളിപ്പാട് നീറ്റൊഴുക്ക് ജംക്‌ഷനു സമീപത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്. ഹെൽമറ്റ്, വടി, കല്ല് എന്നിവ കൊണ്ടു തലയിലും മുഖത്തും ഉൾപ്പെടെ മർദിക്കുകയായിരുന്നു. തലയോട്ടിക്കു പൊട്ടലും തലച്ചോറിനു ക്ഷതവുമേറ്റു. ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്നിട്ടും പ്രതികളെ ഭയന്ന് ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടു പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. 

ആഴ്ചകൾക്കു മുൻപ് പൊലീസെന്ന വ്യാജേന ഒരാൾ ഒന്നിലേറെത്തവണ സുൽഫിത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് പറയുന്നു. അതു ശബരിയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. സുൽഫിത്തും കൂട്ടരും ശബരിയെ മർദിക്കുന്നതിനിടെ അവിടെയെത്തിയ നാലാം പ്രതി അജീഷും ഹെൽമറ്റ് കൊണ്ട് അടിച്ചു. തന്റെ ബന്ധുവായ സ്ത്രീയുമായി സംസാരിച്ചതു ചോദ്യംചെയ്താണ് അജീഷ് ആക്രമിച്ചതെന്ന് സിഐ ബിജു വി.നായർ പറഞ്ഞു.

അറസ്റ്റിലായ ഒന്നാം പ്രതി സുൽ‍ഫിത്ത് (26), മൂന്നാം പ്രതി മുട്ടം കോട്ടയ്ക്കകം കണ്ണൻ ഭവനത്തിൽ കണ്ണൻമോൻ (24), നാലാം പ്രതി മുതുകുളം ചൂളത്തേതിൽ വടക്കതിൽ അജീഷ് (28) എന്നിവർ റിമാൻഡിലാണ്. 8 പ്രതികളാണുള്ളത്. ബാക്കിയുള്ളവർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് സുൽഫിത്തിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു.